ട്രിവാന്‍ഡ്രം ക്ലബിലെ ചീട്ടുകളി; വിനയകുമാറിനെതിരെ വകുപ്പ്തല നടപടിയ്ക്ക് സാധ്യത, പ്രതികാരദാഹം തീരാതെ സിപിഎം

Tuesday, October 3, 2023


തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണംവച്ച് ചീട്ടുകളിച്ചതിന് അറസ്റ്റിലായ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. ഇന്നലെ നടന്ന റെയ്ഡില്‍ പിടിയിലായത് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്ആര്‍ വിനയകുമാറടക്കം 9 പേരാണ്. അഞ്ച് ലക്ഷത്തിലേറെ രൂപയും പിടിച്ചെടുത്തു. തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയിലായത് ഇന്നലെയാണ്. പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് വൈകിട്ട് ഏഴോടെ മ്യൂസിയം പോലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്‌സില്‍നിന്നാണ് ഇവരെ പിടികൂടിയത്.

വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയില്‍ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. കേസില്‍ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്‌റഫ്, സീതാറാം, സിബി ആന്റണി, മനോജ്,വിനോദ്,അമല്‍,ശങ്കര്‍,ശിയാസ്,വിനയകുമാര്‍ എന്നിവരാണ് അറസ്റ്റിലായവര്‍. ചീട്ടുകളിച്ച സംഭവത്തില്‍ ഏഴുപേരെയാണ് നേരത്തെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.

യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയുടെ പേരിലാണ് മുറി എടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എം.ഡി. എസ്.ആര്‍ വിനയകുമാര്‍. വിനയകുമാര്‍ പറഞ്ഞിട്ടാണ് ക്വാട്ടേഴ്‌സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ആരാണ് തന്റെ പേരില്‍ മുറിയെടുത്തതെന്ന് അറിയില്ലെന്നാണ് എം.ഡി എസ്.ആര്‍ വിനയകുമാര്‍ പറയുന്നത്.