ഗുഹയിലെ രക്ഷാപ്രവര്‍ത്തനം : ഓക്സിജന്‍ ലഭിക്കാതെ മുങ്ങല്‍ വിദഗ്ദ്ധന്‍ മരിച്ചു

തായ്‌ലന്‍റിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവർത്തകൻ മരിച്ചു. സമൻ കുനാനാണ് ഓക്‌സിജൻ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. മുൻ നാവികസേന മുങ്ങൽ വിദഗ്ധൻ സമൺ കുനൻ ആണ് മരിച്ചത്. ഗുഹയിൽ എയർടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജൻ കിട്ടാതായതോടെ അബോധാവസ്ഥയിലാകുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

നേവിയുടെ മുങ്ങൽ വിദഗ്ധരും, സൈനിക ഓഫീസർമാരും വോളണ്ടറി പ്രവർത്തകരും ഉൾപ്പെടെ ആയിരത്തോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ താരങ്ങളും കോച്ചും അകപ്പെട്ട ഗുഹയിൽ ഓക്‌സിജൻ അളവ് കുറഞ്ഞ് വരുന്നത് ആശങ്കാജനകമാണെന്ന് അധികൃതർ സൂചിപ്പിച്ചു. അഞ്ച് കിലോമീറ്റർ നീളത്തിൽ, ഓക്‌സിജൻ സപ്ലൈയ്ക്കുള്ള പൈപ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഗുഹയിലേക്ക് ടെലിഫോൺ കണക്ടറ്റ് ചെയ്തെങ്കിലും സംസാരിക്കാൻ സാധിച്ചിട്ടില്ല. പുതിയ ഫോൺ ഉടൻ തന്നെ കണക്ട് ചെയ്യും.

അതേസമയം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ആശങ്കക്കിടയാക്കുകയാണ്. ഗുഹയിലെ വെള്ളം വറ്റിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. രണ്ട് ദിവസമായി മഴ പെയ്യാത്തതിനാൽ ശക്തിയേറിയ പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാനായി. കുട്ടികൾ കുടുങ്ങിയിരിക്കുന്ന ഭാഗത്തേക്ക് കൂടുതൽ വെള്ളം എത്തുന്നത് തടയാൻ സാധിക്കുമെന്ന് നാവികസേന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇപ്പോൾ ജലനിരപ്പ് 40 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മഴ പെയ്താൽ വീണ്ടും ഗുഹയിൽ ജലനിരപ്പ് ഉയരും. ശനിയാഴ്ചയ്ക്കുശേഷം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ഗുഹാമുഖത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരം ഉള്ളിലേക്ക് നടന്നെത്താൻ ഇപ്പോൾ കഴിയും. പ്രവേശനകവാടത്തിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണ് കുട്ടികളുള്ളത്. മെഡിക്കൽ സംഘവും കൗൺസിലർമാരും മുങ്ങൽ വിദഗ്ധരും കുട്ടികൾക്കൊപ്പമുണ്ട്. ഗുഹയിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കാനുള്ള ശ്രമം ഇന്നലെയാണ് ആരംഭിച്ചത്. ആരോഗ്യസംഘവും കൗൺസിലർമാരും കുട്ടികൾക്ക് ഭക്ഷണവും അവശ്യസഹായങ്ങളും എത്തിക്കുകയാണ് ഇപ്പോൾ. മഴ പെയ്യാതിരുന്നാൽ കുട്ടികൾക്ക് നടന്നുതന്നെ പുറത്തെത്താൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. ഇതിനിടെയാണ് ഇപ്പോൾ ഓക്‌സിജൻ കിട്ടാതെ രക്ഷാപ്രവർത്തകൻ മരിക്കുന്നത്. ഇത് രക്ഷാപ്രവർത്തകർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ് . ഗുഹയ്ക്കുള്ളിൽ കനത്ത ചൂടാണ്. പല സ്ഥലങ്ങളിലും ചെളി നിറഞ്ഞു കിടക്കുകയുമാണ്. ഫുട്‌ബോൾ സംഘത്തിലെ 12 അംഗങ്ങളും കോച്ചും ജൂൺ
23നാണ് ഗുഹയിൽ കുടുങ്ങിയത്

Thailand Cave Rescue
Comments (0)
Add Comment