സംസ്ഥാനത്ത് രോഗികൾ കഴിച്ചതും കഴിക്കുന്നതും നിരോധിച്ച മരുന്നുകള്‍. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടക്കുന്നില്ല. സർക്കാർ ആശുപത്രികൾക്ക് വേണ്ടി ടെണ്ടർ വിളിച്ചാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ മരുന്നുകൾ വാങ്ങുന്നത്. എന്നാൽ സർക്കാർ ആശുപത്രിയിൽ വിതരണം നടത്തുന്ന ഈ മരുന്നുകൾ ഗുണനിലവാര പരിശോധന നടത്താതെയാണ് എത്തിക്കുന്നത്. ഇത്തരത്തില്‍ ഗുണനിലവാര പരിശോധന നടത്താതെ എത്തിക്കുന്ന മരുന്നുകളാണ് രോഗികൾ കഴിക്കുന്നത്. മരുന്നുകൾ കഴിച്ചതിന് ശേഷം രോഗിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാലോ പരാതി ഉണ്ടായോലോ മാത്രമേ ഗുണനിലവാര പരിശോധന നടക്കുന്നുള്ളൂ എന്നതാണ് വസ്തുത.
60 ml പാരസെറ്റമോള്‍ സിറപ്പ്, സര്‍ജിക്കല്‍ ആവശ്യത്തിനുപയോഗിക്കുന്ന മോണോഫിലാമെന്റ് പോളിയമൈഡ്, മൈക്രോപോയിന്റ് സ്പാചുലേറ്റഡ് ഡബിള്‍ നീഡില്‍ തുടങ്ങിയവയ്ക്ക് ഗുണനിലവാരമില്ലെന്ന് നിരവധി പരാതികള്‍ വന്ന സാഹചര്യത്തിലാണ് ഇവയുടെ ഗുണനിലവാര പരിശോധന നടത്തിയത്.
പരാതി ശരിവെക്കുന്നതായിരുന്നു ഗുണനിലവാര പരിശോധനാഫലം. തുടര്‍ന്ന് ഇവയുടെ വിതരണവും നിലവിലുള്ള സ്റ്റോക്കിന്റെ ഉപയോഗവും നിരോധിച്ചുകൊണ്ട് കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ഉത്തരവ് ഇറക്കി. എന്നാല്‍ ഇത്രയും കാലം ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ടി വിതരണം ചെയ്തതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് തന്നെയാണ്.
ലക്ഷക്കണക്കിന് രോഗികള്‍ ഇതിനകം നിരോധിക്കപ്പെട്ട മരുന്നുകള്‍ കഴിച്ചു എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. കൃത്യമായ ഗുണനിലവാര പരിശോധന ഇല്ല എന്ന് മാത്രമല്ല ഇപ്പോഴും നിരോധിക്കപ്പെട്ട മരുന്നുകളാണ് പല സര്‍ക്കാര്‍ ആശുപത്രികളിലും വിതരണം ചെയ്യുന്നതും.