ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയം 84 റൺസ് അകലെ

ഇംഗ്ലണ്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ 110 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ്. ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയം 84 റൺസ് അകലെ.

രണ്ടാം ഇന്നിംഗ്‌സിൽ 180 റൺസിനു ഇംഗ്ലണ്ടിനെ ഓൾഔട്ട് ആക്കിയ ശേഷം 194 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം ഇംഗ്ലണ്ട് പേസ് ബൗളിംഗ് അറ്റാക്കിനു മുന്നിൽ തകരുന്ന കാഴ്ച്ച ആയിരുന്നു മൂന്നാം ദിവസം കണ്ടത്. ആദ്യ ഇന്നിംഗ്‌സിൽ ഒന്നാം വിക്കറ്റിൽ 50 റൺസ് നേടിയ ശേഷമാണ് ഇന്ത്യ തകർന്നതെങ്കിൽ ഇത്തവണ തകർച്ച ആദ്യമേ തുടങ്ങി. 22 റൺസ് നേടുന്നതിനിടെ ഇന്ത്യൻ ഓപ്പണർമാരെ സ്റ്റുവർട് ബ്രോഡ് മടക്കിയയച്ചു. അധികം വൈകാതെ തന്നെ ലോകേഷ് രാഹുലും അജിങ്ക്യ രഹാനെയും മടങ്ങിയപ്പോൾ ഇന്ത്യ 63/4 എന്ന നിലയിലായിരുന്നു. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച രവിചന്ദ്രൻ അശ്വിനും മടങ്ങിയപ്പോൾ കാര്യങ്ങൾ ഒന്നാം ഇന്നിംഗ്‌സിന് സമാനം.

ഇന്ത്യൻ നായകന്റെ തോളിലേക്ക് ദൗത്യം വന്ന് വീഴുമ്‌ബോൾ ഇത്തവണ കോഹിലിക്ക് കൂട്ടായി ദിനേശ് കാർത്തിക്കാണ് ക്രീസിൽ. ആറാം വിക്കറ്റിൽ 32 റൺസാണ് ഇരുവരും മൂന്നാം ദിവസം കളി അവസാനിക്കുമ്‌ബോൾ ഇതുവരെ നേടിയത്. ഇന്നിംഗ്‌സിലെ എറ്റവും ഉയർന്ന കൂട്ടുകെട്ടും ഈ കൂട്ടുകെട്ട് തന്നെയാണ്. മൂന്നാം ദിവസം കളി അവസാനിക്കുമ്‌ബോൾ ഇന്ത്യ 110/5 എന്ന നിലയിലാണ്, ജയം 84 റൺസ് അകലെ. ശ്രമകരമായൊരു ദൗത്യമാണ് കോഹ്‌ലിയുടെയും ദിനേശ് കാർത്തിക്കിന്റെയും മുന്നിലുള്ളത്. ഒന്നാം ഇന്നിംഗ്‌സിലേത് പോലെ കോഹ്‌ലി എത്ര നേരം  ക്രീസിൽ ചെലവഴിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ വിജയം നിർണ്ണയിക്കപ്പെടുന്നത്.

India vs EnglandTest CricketEdgbaston Test
Comments (0)
Add Comment