പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയ അഹദ് തമീമി ജയിൽമോചിതയായി. രണ്ട് ഇസ്രേൽ സൈനികരെ തല്ലിയ സംഭവത്തിലാണ് തമീമിയെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നത്.
വെസ്റ്റ്ബാങ്കിലെ തന്റെ വീടിന് സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് ഈ പതിനേഴുകാരിക്ക് തടവുശിക്ഷക്ക് വിധിച്ചത്. ഇതേ സംഭവത്തിൽ തമീമിയ്ക്കൊപ്പം ജയിലായ ഇവരുടെ അമ്മയേയും മോചിപ്പിച്ചു. ഇരുവരേയും ഇസ്രേൽ അധികൃതർ വെസ്റ്റ്ബാങ്ക് അതിർത്തിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ഡിസംബറിൽ വെസ്റ്റ്ബാങ്കിലെ നെബി സാലയിൽ വീടിന് സമീപത്തായിരുന്നു സംഭവം. ജറുസലെമിനെ ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിച്ചുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വന്നതിന് പിന്നാലെ നടന്ന പ്രക്ഷോഭങ്ങൾക്കിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വൈറലായതോടെ പലസ്തീൻ പ്രതിരോധത്തിന്റെ യുവത്വം നിറഞ്ഞ മുഖവുമായി അഹദ്. സമൂഹമാധ്യമങ്ങളിലും ഈ പെൺകുട്ടി തരംഗമായി.
ഇസ്രയേൽ സൈന്യത്തിന് നേരെ കല്ലെറിയുന്ന പലസ്തീനികളെ തടയാൻ ശ്രമിക്കുന്നതിനിടെ അഹദ് മർദിക്കുകയായിരുന്നെന്നായിരുന്നു സൈന്യത്തിന്റെ വാദം. അഹദിന്റെ നടപടിയെ ക്രിമിനൽ കുറ്റകൃത്യമായാണ് സൈനിക കോടതി വിലയിരുത്തിയത്. തുടർന്ന് എട്ട് മാസത്തെ തടവുശിക്ഷയ്ക്കും വിധിച്ചു. തമീമിയെയും അമ്മയേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും റാലികളും നടന്നിരുന്നു.