അമ്മയും രണ്ടു പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Jaihind News Bureau
Friday, February 28, 2025

കോട്ടയം ഏറ്റുമാനൂരില്‍ ട്രെയിന്‍ മുമ്പില്‍ ചാടി വീട്ടമ്മയും രണ്ടു പെണ്‍മക്കളും ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. പാറോലിക്കല്‍ കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.. കുടുംബ പ്രശ്‌നങ്ങളാവും ആത്മഹത്യക്ക് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയില്‍ പാറോലിക്കല്‍ ഗേറ്റിനു സമീപം പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. നിലമ്പൂര്‍ എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍ ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളും റെയില്‍വേ ട്രാക്കില്‍ കയറി നില്‍ക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മരിച്ചത് ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശികളായ ഷൈനിയും മക്കളായ അലീനയും, ഇവനെയും ആണെന്ന് തിരിച്ചറിഞ്ഞത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം..

തൊടുപുഴ ചുങ്കം സ്വദേശിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം.. രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്നും ഇറങ്ങിയത്.. പിന്നാലെയാണ് വീട്ടുകാര്‍ ആത്മഹത്യയുടെ വിവരം അറിഞ്ഞത്.. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.. ഷൈനിക്ക് 14 വയസ്സുള്ള എഡ്വിന്‍ എന്ന ഒരു മകന്‍ കൂടിയുണ്ട്.. എഡ്വിന്‍ എറണാകുളത്ത് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി…

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)