ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്; സത്യത്തിനെതിരായ കടന്നാക്രമണമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Monday, June 27, 2022

 

ന്യൂഡല്‍ഹി: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 2018 ൽ ചെയ്ത ട്വീറ്റിന്‍റെ പേരിലാണ് അറസ്റ്റ്. അതേസമയം സുബൈറിനെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് നെയിം പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും അറസ്റ്റിനെതിരായ പരിരക്ഷ ഉണ്ടായിരുന്നുവെന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ വെളിപ്പെടുത്തി.

വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതീക് സിൻഹ പറഞ്ഞു. അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പൊലീസ് സ്ഥലം വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം അറസ്റ്റിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.  വ്യാജ അവകാശവാദങ്ങൾ തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എംപി പറഞ്ഞു. അമിത് ഷായുടെ ഡല്‍ഹി പോലീസിന് പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിന് എതിരായ കടന്നാക്രമണമെന്ന് ശശി തരൂർ എംപി ട്വീറ്റ് ചെയ്തു.