ഹെൽസിങ്കി ഉച്ചകോടിയിൽ പുടിന്‍-ട്രംപ് കൂടിക്കാഴ്ച

Jaihind News Bureau
Tuesday, July 17, 2018

റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുട്ടിനും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഇന്നലെ ഹെൽസിങ്കി ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തി. റഷ്യ- അമേരിക്ക ചരിത്രസമ്മേളനത്തിന് ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കി വേദിയായി. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നടത്തിയ സ്വകാര്യ സംഭാഷണത്തെ മികച്ച തുടക്കമെന്ന് ട്രംപ് വിശേഷിപ്പിച്ചു. റഷ്യയുമായി അസാമാന്യ ബന്ധം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ഹെൽസിങ്കിയിലെ ഫിന്നിഷ് പ്രസിഡൻഷ്യൽ പാലസിലാണ് ഇന്നലെ ഇരുവരും കണ്ടത്. നേരത്തെ ഇരുരാഷ്ട്രത്തലവന്മാരും പല ഉച്ചകോടികൾക്കിടെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ഇവരുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ലോകകപ്പ് ഫുട്ബാളിന് മികച്ച ആതിഥേയത്വം വഹിച്ച റഷ്യയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ട്രംപ് സംഭാഷണം ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി അമേരിക്കയും റഷ്യയും തമ്മിൽ സൗഹൃദത്തിലല്ലെന്ന കാര്യവും ട്രംപ് സൂചിപ്പിച്ചു.

സ്വതന്ത്രമായ സംഭാഷണത്തിന്‍റെ സമയമാണിതെന്ന് പുട്ടിൻ പ്രതികരിച്ചു. രണ്ട് മണിക്കൂറോളം ഇരു നേതാക്കളും സ്വകാര്യ കൂടിക്കാഴ്ച നടത്തി.

ഉച്ചകോടിയുടെ പ്രത്യേക അജൻഡ തീരുമാനിച്ചിട്ടില്ല. എന്നാൽ യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, യു.എസിനു നേരെയുള്ള റഷ്യൻ സൈബർ ആക്രമണം, സിറിയൻ വിഷയത്തിലെ റഷ്യൻ നിലപാട്, യുക്രെയ്ൻ പൈപ്പ് ലൈൻ നയം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കുമെന്നാണ് സൂചന.

അമേരിക്കയുടെ റഷ്യൻ ബന്ധത്തിൽ വിള്ളലുണ്ടെന്ന് നേരത്തേ ട്രംപ് സമ്മതിച്ചിരുന്നു. അതിനു കാരണമായത് ഒബാമയുടെ കാലത്തെ ഭരണമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വിമർശിച്ചു.

പുടിനുമായുള്ള ട്രംപിന്‍റെ കൂടിക്കാഴ്ച ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പുടിനു നേരെ ട്രംപ് വിമർശനമുന്നയിക്കുമോ അതോ സമാധാനത്തിന്‍റെ പാത പിന്തുടരുമോ എന്നാണു നയതന്ത്ര വിദഗ്ദ്ധരും കാത്തിരിക്കുന്നത്.