ഹീറോ എക്സ്ട്രീം 200 R ഇന്ത്യന്‍ നിരത്തുകളിലേക്ക്

Jaihind News Bureau
Wednesday, July 11, 2018

ഹീറോയുടെ പുതിയ എക്സ്ട്രീം 200 R ബൈക്കിന്‍റെ വിതരണം ആരംഭിച്ചു. എക്സ്ട്രീം 200 R  ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഡീലർഷിപ്പുകള്‍ ബൈക്ക് കൈമാറിത്തുടങ്ങി.

199.6 സി.സി എയർ കൂൾഡ് സിംഗിള്‍ സിലിണ്ടര്‍ 2 വാല്‍വ് എന്‍ജിനാണ് എക്സ്ട്രീം 200  Rന്‍റെ ഹൃദയം. എന്‍ജിന് പരമാവധി 18.1 ബി.എച്ച്.പി കരുത്തും 17.2 എൻ.എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയർബോക്സ്.

മുന്നിൽ ടെലിസ്‌കോപിക് ഫോർക്ക് സസ്പെന്ഷനും പിന്നിൽ മോണോ ഷോക്ക് സസ്പെന്‍ഷനുമാണ് ഹീറോ എക്സ്ട്രീമില്‍. സിംഗിള്‍ ചാനല്‍ എ.ബി.എസോടു കൂടിയതാണ് ബ്രേക്കിംഗ് സംവിധാനം. 276 എം.എം ഡിസ്‌ക് ബ്രേക്കാണ് മുന്നിൽ. പിന്നിൽ 220 എം.എം ഡിസ്‌കും. 17 ഇഞ്ച് അലോയ് വീലുകളാണ് എക്സ്ട്രീമിന്. ട്യൂബ് ലെസ് ടയറുകളാണ് നല്‍കിയിരിക്കുന്നത്. മുന്‍ ടയര്‍ 100 / 80 – 17 TL , പിന്നിലെ ടയര്‍ 130 / 70 – R17 TL ഉം ആണ്. 

ഡ്യുവല്‍ ടോണ്‍ ഗ്രാഫിക്സിലെത്തുന്ന ഹീറോ എക്സ്ട്രീമില്‍ മനോഹരമായ അനലോജ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്‍റ് ക്ലസ്റ്ററും, ഹാലജന്‍ ഹെഡ് ലാമ്പിന് മുകളിലായി എല്‍.ഇ.ഡി പൈലറ്റ് ലാമ്പുകളുമുണ്ട്. ടെയില്‍ ലാമ്പും എല്‍.ഇ.ഡി തന്നെയാണ്.

12.5 ലിറ്ററാണ് ഇന്ധന ടാങ്ക് പരിധി. 200 സി.സി വിഭാഗത്തിലെ ഏറ്റവും വലിയ വാറന്‍റി കാലാവധിയും ഹീറോ കമ്പനി വാഗ്ദാനം ചെയ്യുന്നു. 5 വര്‍ഷമാണ് കമ്പനി നല്‍കുന്ന വാറന്‍റി. ഏകദേശം 88,000 രൂപയാണ് ബൈക്കിന്‍റെ വില. അയ്യായിരം രൂപയാണ് ബുക്കിംഗ് തുക.

teevandi enkile ennodu para