സൗദിയിൽ നുഴഞ്ഞുകയറ്റക്കാർക്ക് ജോലിയും യാത്രാ സൗകര്യവും അഭയവും മറ്റു സഹായങ്ങളും നൽകുന്നവർക്ക് രണ്ട് വർഷം വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന വിദേശികളെ ശിക്ഷ പൂർത്തിയായാല്‍ നാടുകടത്തും.
നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാസൗകര്യം നൽകുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതോടൊപ്പം സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിന് അനുസരിച്ച് നിയമലംഘകർക്ക് ഇരട്ടി തുക പിഴ ലഭിക്കും. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് നിയമ നിർദേശങ്ങൾ പാലിക്കണമെന്നും ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് സുരക്ഷാ വകുപ്പുകൾക്ക് വിവരം നൽകണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് സൗദി പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു.
നുഴഞ്ഞുകയറ്റക്കാർക്ക് ജോലിയും യാത്രാ സൗകര്യവും അഭയവും മറ്റു സഹായങ്ങളും നൽകുന്ന സ്ഥാപനങ്ങൾക്ക് നിയമ ലംഘകരിൽ ഒരാൾക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്തും. ഇത്തരം സ്ഥാപനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് റിക്രൂട്ട്മെന്റ് വിലക്കേർപ്പെടുത്തുകയും ചെയ്യും.
സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർ അടക്കമുള്ള ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും മറ്റ് സഹായങ്ങളും നൽകുന്നവർക്ക് പതിനയ്യായിരം റിയാൽ പിഴ ചുമത്തും. ഇഖാമ, തൊഴിൽ നിയമ ലംഘകരെ സഹായിക്കുന്ന വിദേശികളെ പിഴ ചുമത്തി നാടുകടത്തും. ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. കൂടാതെ ഇവർക്ക് ആറു മാസം തടവു ശിക്ഷയും ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.