സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ ഒരു വര്‍ഷത്തിനിടെ 50 ശതമാനം വര്‍ധന

Jaihind News Bureau
Friday, June 29, 2018

സ്വിസ് ബാങ്കിൽ കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വർധിച്ചതായി കണക്കുകൾ. വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്ന് 2014 തെരഞ്ഞെടുപ്പ് പ്രചരണം മുതൽ ബി.ജെ.പി ആണയിട്ട് പറയുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാരുടെ നിക്ഷേപം കുറഞ്ഞുവരുകയായിരുന്നെങ്കിലും 2017ല്‍ ഒറ്റയടിക്കാണ് അമ്പത് ശതമാനമായി വർധിച്ചത്. ഏതാണ്ട് 7000 കോടിയോളം രൂപയാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം വർധിച്ചിരിക്കുന്നത്. സ്വിസ് ബാങ്ക് നിക്ഷേപത്തിൽ വിദേശികളുടെ നിക്ഷേപത്തിൽ മുഴുവൻ മൂന്ന് ശതമാനമാണ് വർധിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

ബാങ്കുകളിലെ നിക്ഷപത്തിന്റെ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും സ്വിറ്റ്സർലന്‍ഡും തമ്മിൽ കരാറുകളുണ്ടാക്കുകയും ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സമയത്താണ് നിക്ഷേപത്തിലെ ഈ വർധനവ്. സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്ന വിദേശ നിക്ഷേപകരുടെ വിവരങ്ങളാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾക്ക് നൽകാമെന്ന് സ്വിസ് ബാങ്കുകൾ സമ്മതിച്ചത്.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ കുറഞ്ഞപ്പോൾ കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കാൻ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതായുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.