സ്പ്രിങ്ക്‌ളര്‍ ഇടക്കാല വിധിയില്‍ സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ല, പ്രതിപക്ഷ ആരോപണങ്ങള്‍ ഹൈക്കോടതി ശരിവെച്ചു: രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, April 26, 2020

 

തിരുവനന്തപുരം:  സ്പ്രിങ്ക്‌ളര്‍ കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം കോടതി ശരിവയ്ക്കുകയാണ് ചെയ്തത്. പ്രതിപക്ഷ ആരോപണം സിപിഐ പോലും ശരിവെച്ചു. സിപിഐ സര്‍ക്കാരിനൊപ്പമല്ല. അവര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേസ് വാദിക്കാൻ മുംബൈയിൽ നിന്നും ലക്ഷങ്ങൾ നൽകി അഭിഭാഷകയെ സർക്കാർ ചുമതലപ്പെടുത്തി. മറ്റ് സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ സ്പ്രിങ്ക്ളറിനെ ചുമതലപ്പെടുത്താൻ എന്ത് ബാധ്യതയാണ് സർക്കാരിനുളളതെന്നും അദ്ദേഹം ചോദിച്ചു. എന്ത് നിർബന്ധമാണ് സ്പ്രിങ്ക്ളറിനെ തന്നെ ഡാറ്റ അനാലിസിസ് നടത്താൻ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കമ്പനിയുടെ വക്താക്കളായി മുഖ്യമന്ത്രിയും സർക്കാരും മാറി. സ്പ്രിങ്ക്ളറിൽ നിന്നും എന്ത് പ്രയോജനം ജനങ്ങൾക്ക് ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ടെസ്റ്റുകൾ നടത്തുന്നത് സംസ്ഥാനത്ത് കുറവാണ്. നാലായിരം പേരുടെ ടെസ്റ്റ് നടത്താനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തുണ്ട്. കൂടുതൽ ടെസ്റ്റുകൾ നടത്താനുള്ള നടപടി സർക്കാർ സ്വീകരിക്കണം. പോസിറ്റീവ് കേസുകൾ ഡോക്ടർ പോലും അറിയുന്നത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലാണ്. പത്രസമ്മേളനത്തിനായി പോസിറ്റീവ് കേസുകൾ മറച്ചുവയ്ക്കുന്നു. ഇതിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.