സുസുക്കി വി സ്റ്റോം ഇന്ത്യന്‍ നിരത്തിലേക്ക്

Jaihind News Bureau
Thursday, July 19, 2018

ഇന്ത്യന്‍ നിരത്തിലേക്കെത്താന്‍ സുസുക്കി വി സ്റ്റോം 650 തയാറെടുക്കുന്നു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ വില്‍പന തുടങ്ങുമെന്നാണ് സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ അറിയിച്ചിരിക്കുന്നു. 2018 ഓട്ടോ എക്സ്പോയിലാണ് ബൈക്ക് ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. അന്നുമുതല്‍ തന്നെ ബൈക്ക് പ്രേമികളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു കാവസാക്കിയുടെ ഈ കരുത്തന്‍ മോഡല്‍. ഇപ്പോള്‍ കാത്തിരിപ്പുകള്‍ക്ക് അവസാനമാവുകയാണ്. 2019 അവസാനത്തോടെയേ ഇന്ത്യയില്‍‌ വില്‍‌പന ആരംഭിക്കൂ എന്നാണ് കമ്പനി മുമ്പ് അറിയിച്ചിരുന്നത്.

കാവസാക്കിയുടെ വെഴ്സിസിസാകും (Kawasaki Versys)  സുസുക്കി വി സ്റ്റോം 650 യുടെ പ്രധാന എതിരാളിയെന്നതിനാല്‍ വിലയിലും വെഴ്സിസിനോട് പിടിച്ചുനില്‍ക്കാന്‍ സുസുക്കി തയാറായേക്കും. അതിനാല്‍ തന്നെ ഏകദേശം 6.5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലാകും സ്റ്റോമിന്‍റെ വിലയെന്ന് പ്രതീക്ഷിക്കാം.

645 സി.സി, ലിക്വിഡ് കൂള്‍ഡ്, ഫോര്‍ സ്ട്രോക്ക്, 90 ഡ്ഗ്രി, വി-ട്വിന്‍ എന്‍ജിനാണ് സ്റ്റോമിന് കരുത്ത് പകരുന്നത്. 8800 ആര്‍.പി.എമ്മില്‍ 70 ബി.എച്ച്.പിയും, 66  ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പകരും.

രണ്ട് വ്യത്യസ്ത വേരിയന്‍റുകളില്‍ സ്റ്റോം ലഭ്യമാകും. സ്റ്റാന്‍ഡാര്‍ഡ് വി സ്റ്റോം 650ക്ക് പുറമെ വി സ്റ്റോം 650 XT മോഡലും ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്.

സ്റ്റാന്‍ഡേര്‍ഡ് മോഡലിന് കാസ്റ്റ് അലുമിനിയം വീല്‍, ബ്രിഡ്ജ്സ്റ്റോണ്‍ ബാറ്റില്‍വിംഗ് ടയര്‍ എന്നിവ നല്‍കിയിരിക്കുമ്പോള്‍, ഓഫ് റോഡിന് അനുയോജ്യമായ തരത്തില്‍ ഒരുക്കിയിരിക്കുന്ന സ്റ്റോം 650 XT മോഡലിന് അലുമിനിയം റിമ്മുകളാണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ പ്രത്യേക സംരക്ഷണ കവചങ്ങളും ഉപഭോക്താവിന്‍റെ ആവശ്യാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്.