സമൂഹമാധ്യമങ്ങളില്‍ തരംഗമായി സെവാഗിന്‍റെ ‘സൂപ്പര്‍ വുമണ്‍’

Jaihind News Bureau
Wednesday, June 20, 2018

ഗ്രൗണ്ടില്‍ ബാറ്റ് കൊണ്ടെന്നപോലെ, സോഷ്യൽ മീഡിയയില്‍ വാക്ക് കൊണ്ട് തീപ്പൊരി തീര്‍ക്കുന്നയാളാണ് സാക്ഷാല്‍ വീരേന്ദര്‍ സെവാഗ്. വീരുവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ അദ്ദേഹത്തിനുള്ള ആരാധക പിന്തുണ വ്യക്തമാക്കുന്നതാണ്. അടുത്തിടെ സെവാഗ് ട്വിറ്ററില്‍ ഷെയര്‍‌ ചെയ്ത വീഡിയോ ആണ് നവമാധ്യമങ്ങളില്‍ തരംഗമായത്.

വീരു ഷെയര്‍ ചെയ്ത വീഡിയോയിലെ താരം ഒരു സ്ത്രീയാണ്. സൂപ്പര്‍ വുമണെന്ന് വിശേഷിപ്പിച്ച് വീരു ഷെയര്‍ ചെയ്തിരിക്കുന്നത് 72 വയസുള്ള ലക്ഷ്മിബായിയുടെ വീഡിയോ ആണ്. 72-ാം വയസിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി ആത്മവിശ്വാസത്തോടെ, ആത്മധൈര്യത്തോടെ ജോലി ചെയ്യുന്ന ലക്ഷ്മി ബായ് ആണ് വീരുവിന്‍റെ സൂപ്പര്‍ വുമണ്‍. മധ്യപ്രദേശിലെ സെഹോറാണ് ലക്ഷ്മി ഭായിയുടെ സ്വദേശം.

മകൾ അപകടത്തിൽപെട്ടതിനെ തുടർന്ന് വായ്പയെടുക്കേണ്ടിവന്നതാണ് ലക്ഷ്മി ഭായ്ക്ക്.

സെഹോർ ജില്ലാ കലക്ടറേറ്റിന് പുറത്ത് ആവശ്യക്കാർക്ക് രേഖകൾ ടൈപ് ചെയ്ത് കൊടുക്കുന്ന സ്റ്റെനോഗ്രാഫറായാണ് ലക്ഷ്മി ഭായ് ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ സ്റ്റെനോ ജോലി ചെയ്യുന്നതിന്റെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

‘യാചിക്കാൻ ഞാൻ തയാറല്ല. പൈസ തിരിച്ചടയ്ക്കാൻ ജോലി ചെയ്യുക മാത്രമേ മാർഗമുള്ളൂ’ എന്ന് പ്രായം തളര്‍ത്താത്ത ആത്മവിശ്വാസത്തോടെ പറയുന്ന ലക്ഷ്മി ഭായ് വീരുവിന്‍റെ മനം കവര്‍ന്നു.

ലക്ഷ്മി ജോലി ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തുകൊണ്ട് വീരു പറയുന്നു.

‘ഒരു സൂപ്പർവുമൺ. ഇവർ മധ്യപ്രദേശിലെ സെഹോറിലാണ് ജീവിക്കുന്നത്. പുതിയ തലമുറയ്ക്ക് ഇവരിൽനിന്ന് പഠിക്കാനേറെയുണ്ട്. ഒരു ജോലിയും നിസാരമല്ലെന്നും പഠിക്കാനും ജോലി ചെയ്യാനും  പ്രായം ഒരു തടസമല്ലെന്നും ഇവർ തെളിയിക്കുന്നു. വേഗതയെക്കാളുപരി ആ ആത്മാര്‍ഥതയാണ് നമ്മള്‍ കാണേണ്ടത്… പ്രണാമം…’

ലക്ഷ്മി ഭായിയുടെ ദൃഢനിശ്ചയത്തിന് മുന്നില്‍‌ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് സെവാഗ് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്.