സംസ്ഥാന സര്‍ക്കാരിനും ജോയ്സ് ജോര്‍ജ് എം.പിക്കും ഗൂഢലക്ഷ്യം: റോയ് കെ പൌലോസ്

Jaihind News Bureau
Friday, June 22, 2018

സംസ്ഥാന സർക്കാരിനും ജോയ്‌സ് ജോർജ് എം.പി.ക്കും ഗൂഢ ലക്ഷ്യമാണുള്ളതെന്ന് മുൻ ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ് കെ പൗലോസ്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കാര്യത്തിൽ ഇപ്പോഴും ഇടുക്കിയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. എൽ.ഡി.എഫിന്‍റെ  കള്ള പ്രചരണങ്ങൾ എക്കാലവും വിലപ്പോവില്ലെന്നും റോയ് കെ പൗലോസ് വ്യക്തമാക്കി.

കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കരട് വിജ്ഞാപനത്തിൽ കഴിഞ്ഞ യു.ഡി.എഫ്.സർക്കാരിന്റെ കാലത്ത് ഒഴിവാക്കിയ ജനവാസ മേഖലയും തോട്ടങ്ങളും കൃഷിയിടങ്ങളും സി.എച്ച്.ആർ പ്രദേശങ്ങളും ഉൾപ്പെടെ ഒഴിവാക്കിയ പ്രദേശങ്ങളല്ലാതെ എൽ.ഡി.എഫ്.സർക്കാരിന്റെ കാലത്ത് ഒരു കർഷകന്റെയെങ്കിലും കൃഷിഭൂമി ഈസർക്കാർ പുതുതായി ഒഴിവാക്കി എന്നു് പറയാൻ കഴിയില്ല. സർക്കാർ തരിശു ഭൂമിയും, പാറയും, പുറമ്പോക്ക് ഭൂമിയും ചതുപ്പും ഉൾപ്പെടെ 856 സ്‌ക്വയർ കി.മീ. വനേതര ഭൂമി കൂടി ഇ എസ്.എ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മന്ത്രിസഭാ യോഗം ചേർന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് കൊണ്ട് കർഷകർക്ക് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ആ ഭൂമി നിലവിൽ സർക്കാരിന്റെ കൈവശമാണ്.

9107 സ്‌ക്വയർ കി.മീ. വന മേഖലയും 886 സ്ക്വയർ കി.മീ വനേതര മേഖലയും ഇ എസ്.എ പരിധിയിൽ പെടുത്തി 3115 സ്‌ക്വയർ കീ.മീ ജനവാസ മേഖലയും തോട്ടങ്ങളും കൃഷിയിടങ്ങളും സി.എച്ച് ആർ മേഖലയും ഒഴിവാക്കിയിട്ടുള്ളതാണ്.അന്ന് കരട് വിജ്ഞാപനത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമ്മർദ്ദഫലമാണ്. എന്നാൽ കഴിഞ്ഞ നാലു വർഷക്കാലമായി ഇടുക്കിയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇ.എസ്.എ നിലനിൽക്കുന്നു എന്ന് തെറ്റിദ്ധാരണ പരത്താനാണ് എം.പിയുടെ ശ്രമം.

ഇഎസ്.എ നിലനിൽക്കുന്നത് വന മേഖലയിലും സർക്കാർ പുറമ്പോക്കിലും മാത്രമാണ് എന്ന് ഹൈക്കോടതി പല വിധികളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴും നുണപ്രചരണം നടത്തുന്നത് ഒരു എം.പിക്ക് ചേർന്നതല്ലെന്ന് റോയ് കെ പൗലോസ് പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങൾ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കൊണ്ട് പരിഹരിക്കപ്പെടാതെ ഇരിക്കുകയാണ്. ജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.