ചെറിയ പെരുന്നാള്‍‌ നിറവില്‍ വിശ്വാസികള്‍

Jaihind News Bureau
Friday, June 15, 2018

സംസ്ഥാനത്ത് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. വിവിധയിടങ്ങളിൽ ഒരുക്കിയ ഈദ് ഗാഹുകളിലും പള്ളികളിലും പ്രാർഥനാ നമസ്‌കാര ചടങ്ങുകൾ നടന്നു. വടക്കൻ ജില്ലകളിൽ പലയിടങ്ങളിലും ശക്തമായ മഴ കാരണം ഈദ്ഗാഹുകളിലെയും പള്ളികളിലെയും നമസ്‌കാര ചടങ്ങുകൾ വീടുകളിലേക്ക് മാറ്റേണ്ടി വന്നു.

തിരുവനന്തപുരം വഴുതക്കാട് ജുമാ മസ്ജിദിൽ രാവിലെ 7.30നായിരുന്നു നമസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ നമസ്‌കാര ചടങ്ങിനായി എത്തിയിരുന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ്ഗാഹിന് പാളയം ഇമാം വി.പി സുഹൈബ് മൗലവി നേതൃത്വം നൽകി. പുത്തരിക്കണ്ടം മൈതാനിയിലും മറ്റ് പള്ളികളിലും ഈദ് ഗാഹുകൾ നടന്നു.

കനത്ത മഴ കാരണം കൊച്ചിയിൽ പള്ളികൾ കേന്ദ്രീകരിച്ചാണ് പ്രാർഥനാ ചടങ്ങുകൾ നടന്നത്. മസ്ജിദുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ ഈദ് നമസ്‌കാരങ്ങളിൽ പങ്കെടുത്തു. കൊച്ചിയിൽ കടവന്ത്ര ജുമാ മസ്ജിദിൽ നടൻ മമ്മൂട്ടി അടക്കമുള്ളവർ നമസ്‌കാരത്തിൽ പങ്കെടുത്തു. മഴക്കെടുതി അതിരൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ഈദ് ഗാഹുകൾ പൂർണമായും നിർത്തിവെച്ചു. പള്ളികളിലും വീടുകളിലുമാണ് നമസ്‌കാര ചടങ്ങുകൾ നടന്നത്.

മലപ്പുറത്ത് ഈദ് ഗാഹുകൾ പള്ളികളിലേക്ക് മാറ്റിയിരുന്നു. പാണക്കാട് ജുമാ മസ്ജിദിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നമസ്‌കാരത്തിന് നേതൃത്വം നൽകി. തിരൂരങ്ങാടി ജുമാ മസ്ജിദ്, മഞ്ചേരി വിപി ഹാൾ എന്നിവിടങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് പള്ളികളിൽ പെരുന്നാൾ നമസ്‌കാരം നടന്നു.

കണ്ണൂർ യൂണിറ്റി സെന്ററിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് വി.എൻ ഹാരിസ് നേതൃത്വം നൽകി.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്, യു.പി സിദ്ദിഖ്, കെ.മുഹമ്മദ് ഹനീഫ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. താണ സക്കരിയ ജുമാ മസ്ജിദ്, കൗസർ മസ്ജിദ്, സിറ്റി പള്ളി തുടങ്ങിയ ഇടങ്ങളിലും പെരുന്നാൾ നമസ്‌കാരം നടന്നു.