വനിതാ ഹോക്കി ലോകകപ്പ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമനില (1-1)

Jaihind News Bureau
Sunday, July 22, 2018

വനിതാ ഹോക്കി ലോകകപ്പിൽ വിജയത്തോടെ തുടക്കമെന്ന ഇന്ത്യയുടെ മോഹത്തിന് വിരാമം. ഇംഗ്ലണ്ടിനോട് ഇന്ത്യയുടെ വനിതാ ടീമിന് സമനില വഴങ്ങേണ്ടി വന്നു.

മത്സരത്തിന്റെ 25-ാം മിനുട്ടിൽ നേഹ ഗോയൽ ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലും ഇംഗ്ലണ്ടിന്റെ ശ്രമങ്ങൾ ഗോൾകീപ്പർ സവിതയിൽ തട്ടി തെറിച്ചപ്പോൾ ഇന്ത്യ വിജയം പ്രതീക്ഷിച്ചു.

എന്നാൽ 54-ാം മിനിറ്റിൽ ഗോൾ മടക്കിയ ഇംഗ്ലണ്ടിന്റെ ലിലി ഔസ്ലേ ഇന്ത്യൻ പ്രതീക്ഷകളെ തകിടം മറിച്ചു. മത്സരം 1-0 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് അപ്രതീക്ഷിതമായി ഇന്ത്യ ഗോൾ വഴങ്ങിയത്.

മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ഇംഗ്ലണ്ടായിരുന്നുവെങ്കിലും ഗോൾ കീപ്പർ സവിതയുടെ തകർപ്പൻ പ്രകടനം ഗോൾ അധികം വഴങ്ങാതെ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.