ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു

Jaihind News Bureau
Monday, August 13, 2018

ലോക്‌സഭാ മുൻ സ്പീക്കറും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ സോമനാഥ് ചാറ്റർജി അന്തരിച്ചു. 89 വയസായിരുന്നു. കൊൽക്കത്തയിൽ ആയിരുന്നു അന്ത്യം. സോമനാഥ് ചാറ്റർജിയെ സഹപ്രവർത്തകരും സുഹൃത്തുക്കളും വിളിച്ചിരുന്നത് ദാദ എന്നായിരുന്നു. അക്ഷരാർഥത്തിൽ ഇന്ത്യൻ പാർലമെന്റിലെ മികച്ച പാർലമെന്റേറിയൻ തന്നെയായിരുന്നു സോമനാഥ ചാറ്റർജി. ആദർശരാഷ്ട്രീയത്തിന്റെ അടയാളമായിരുന്നു വംഗനാടിന്റെ പുത്രൻ.

1929 ജൂലൈ 25ന് ആയിരുന്നു സോമനാഥ് ചാറ്റർജിയുടെ ജനനം. ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന സി.പി.എം) നേതാവായിരുന്ന സോമനാഥ് ചാറ്റർജി. 1968 മുതൽ പാർട്ടി അംഗമായിരുന്നു. 1971 ൽ അച്ഛൻ നിർമൽ ചന്ദ്രചാറ്റർജിയുടെ മരണത്തെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. സിപിഐ എം പിന്തുണയോടെ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്വതന്ത്ര സ്ഥാനാർഥി
ആയിരുന്നു അദേഹം.

https://www.youtube.com/watch?v=OJadv99H8_M

തുടർച്ചയായി ഒൻപത് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1984 ൽ ജാദവ്പൂരില്‍ മമതാ ബാനർജിയോട് പരാജയപ്പെട്ടിരുന്നു. 1989 മുതല്‍ 2004 വരെ അദ്ദേഹം ലോക്സഭയിലെ സി.പി.എം സാരഥിയായിരുന്നു. 2004-ലെ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ പ്രോ ടെം സ്പീക്കറായി നിയമിക്കപ്പെടുകയും 2004 ജൂൺ 4ന് അദ്ദേഹത്തെ 14-ാം ലോക്‌സഭാ സ്പീക്കറായി ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പത്ത് തവണ ലോക്‌സഭാംഗമായിരുന്ന സോമനാഥ് ചാറ്റർജി. 2004 മുതൽ 2009 വരെ ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്താണ് ഇദ്ദേഹം ലോക്‌സഭാ സ്പീക്കറായിരുന്നത്. ഇന്ത്-യു.എസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടതുപാർട്ടികൾ തീരുമാനിച്ചപ്പോൾ ലോക്‌സഭാ സ്പീക്കർ സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു.

2008 ജൂലൈ 22-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദേശം സ്വീകരിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തെ ജൂലൈ 23-ന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസങ്ങളിലൊന്നായിരുന്നു അതെന്ന് പിന്നീട് ചാറ്റർജി വെളിപ്പെടുത്തിയിരുന്നു . ഇതിന് പിന്നാലെ 2009 ആഗസ്റ്റില്‍ അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.

ജാർഖണ്ഡ് നിയമസഭയിൽ വിശ്വാസ വോട്ട് സംബന്ധമായ സുപ്രീം കോടതി ഉത്തരവുകൾ സംബന്ധിച്ച് 2005 ൽ അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ജാർഖണ്ഡ് നിയമസഭയുടെ നടപടികളിൽ ഉത്തരവുകൾ പുറപ്പെടുവിച്ചുകൊണ്ട് നിയമസഭയുടെ അവകാശങ്ങളിൽ സുപ്രീം കോടതി കടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1996 ൽ മികച്ച പാർലമെന്റേറിയൻ അവാർഡ് അദേഹത്തിന് ലഭിച്ചു.