റോമൻ ഫ്രം ഫ്രാൻസ്; കാനഡയിലൂടെ ഓടിയെത്തിയത് യു.എസ് ജയിലിൽ!

Jaihind News Bureau
Sunday, June 24, 2018

(Cedella Roman/Facebook)

പടിഞ്ഞാറൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയുടെ തീരപ്രദേശങ്ങൾ അതിമനോഹര കാഴ്ചകളാൽ സമ്പന്നമാണ്. നയന മനോഹര കാഴ്ചകൾ ആസ്വദിച്ച് ഇതിലേ ഒരു യാത്ര ഹൃദ്യമായ അനുഭവമാണെന്നതിൽ സംശയമില്ല. കമനീയമായ വീടുകളും റെസ്റ്റോറന്റുകളും ഇടകലർന്ന മനോഹരിയായ സെമിയാമൂ ബീച്ചിന്റെ നിറക്കാഴ്ചകളിലൂടെ കണ്ണോടിച്ച് മുന്നോട്ടു പോകാം. ഈ കാഴ്ചകളിൽ കണ്ണുടക്കി ജോഗിംഗിനിറങ്ങിയ സെഡല്ല റോമന് കിട്ടിയത് എട്ടിന്റെ പണി. റോമൻ ഓടിക്കയറിയത് യു.എസ് ജയിലിലേക്ക് ! കഥയിങ്ങനെ…

തന്റെ മാതാവിനെ സന്ദർശിക്കാനായാണ് ഫ്രഞ്ച് പൗരത്വമുള്ള 19 കാരിയായ സെഡെല്ല റോമൻ കാനഡയിലെത്തിയത്. ജോഗിംഗിനിറങ്ങിയ സെഡെല്ല, വൈറ്റ് റോക്കിന്റെ വശ്യമായ തീര ഭംഗിയിൽ മയങ്ങിയതാണ് വിനയായത്. കാഴ്ചകൾ ആസ്വദിച്ച് ഓടിയ സെഡെല്ല ശ്രദ്ധിക്കാതെ കാനഡ – യു.എസ് അതിർത്തി മറികടന്നു. അതിർത്തി ലംഘിച്ച സെഡെല്ലയെ യു.എസ് കസ്റ്റംസ് – അതിർത്തിരക്ഷാസേന കയ്യോടെ പൊക്കി.

സംഭവിച്ചത് എന്തെന്ന് വിശദീകരിച്ചെങ്കിലും യു.എസ് പോലീസ് കർക്കശ നിലപാടെടുത്തു. ബോർഡർ ആണെന്നത് അറിഞ്ഞിരുന്നില്ലെന്നും ജോഗിംഗിനിടെ അബദ്ധത്തിൽ അതിർത്തി മറികടന്നതാണെന്നും പറഞ്ഞിട്ടും യു.എസ് പോലീസ് അയഞ്ഞില്ല. സെഡെല്ല ഫ്രാൻസിൽ നിന്നാണെന്നത് വിഷയത്തെ കൂടുതൽ ഗൗരവകരമാക്കി. അടിമുടി പരിശോധനയ്ക്ക് ശേഷം സെഡെല്ലയെ പോലീസ് വാഹനത്തിലേക്ക് മാറ്റി. തുടർന്ന് വാഷിംഗ്ടണ്ണിലെ ടക്കോമയിലെ ജയിലിലേക്കും.

മുന്നറിയിപ്പ് നൽകി തിരിച്ചയക്കുമെന്ന് പ്രതീക്ഷിച്ച റോമന് കാര്യങ്ങളുടെ പോക്ക് ഗുരുതരമാണെന്ന് മനസിലായത് ജയിലിൽ ആയപ്പോഴാണ്. തുടർന്ന് റോമന്റെ മാതാവ് എത്തി രേഖകളെല്ലാം സമർപ്പിച്ചെങ്കിലും ഫ്രഞ്ച് പൗരത്വം ജയിൽ മോചനം വൈകിപ്പിച്ചു. നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് 14 ദിവസം ജയിലിൽ കഴിയേണ്ടിവന്നു സെഡെല്ലയ്ക്ക്.

എന്തായാലും ഫ്രാൻസിൽ നിന്നെത്തി, കാനഡയിലൂടെ ഓടി യു.എസ് ജയിലിൽ എത്തിയതിന്റെ ഷോക്കിൽ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല പാവം സെഡെല്ല.