ബ്രിട്ടനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും അദ്ദേഹത്തിന്റെ ഉപമന്ത്രിയും രാജിവെച്ചു. ബ്രെക്സിറ്റിനു ശേഷം സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് രാജ്യമിപ്പോൾ. ബ്രെക്സിറ്റിനുശേഷവും യൂറോപ്യൻ യൂണിയനുമായി ശക്തമായ സാമ്പത്തിക ബന്ധം തുടരാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ പദ്ധതിക്ക് ബ്രിട്ടീഷ് പാർലമെൻറ് അംഗീകാരം നൽകിയതിനു പിന്നാലെയാണ് ഇവരുടെ രാജി പ്രഖ്യാപനം.
ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്ക് കൺസർവേറ്റിവ് പാർട്ടി അംഗങ്ങളെ ഏകോപിപ്പിക്കാനുള്ള നീക്കം തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ രാജി തീരുമാനം തെരേസ മേയ് സർക്കാറിനെ സമ്മർദത്തിലാക്കും. ജൂനിയർ ബ്രെക്സിറ്റ് മന്ത്രി സ്റ്റീവ് ബേക്കറും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് ചർച്ച സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് ഇവരുടെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. എല്ലാവരുടെയും രാജി മേയ് സ്വീകരിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് അനുകലിയായിരുന്ന ബോറിസ് േജാൺസൺ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പ്രധാന എതിരാളിയായിരുന്നു.യൂറോപ്യൻ യൂനിയനുമായുള്ള ബ്രെക്സിറ്റ് ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത് ഡേവിസ് ആയിരുന്നു. ബ്രെക്സിറ്റിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്നതാണ് തെരേസ മേയ് കൊണ്ടുവരുന്ന മാറ്റങ്ങളെന്ന് ഡേവിസ് രാജിക്കത്തിൽ ആരോപിക്കുന്നു.
വ്യാപാര നയങ്ങളിൽ വരുന്ന മാറ്റത്തോടാണ് ഡേവിസ് ഉൾപ്പെടെയുള്ളവരുടെ എതിർപ്പ്. എന്നാൽ, ഡേവിസിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്നാണ് തെരേസ മേയ് നൽകിയ മറുപടി. മന്ത്രിസഭ ഒറ്റക്കെട്ടായാണ് പുതിയ തീരുമാനമെടുത്തതെന്നും മേയ് പറഞ്ഞു. രാജിയിൽ ദുഃഖം രേഖപ്പെടുത്തിയ മേയ് ബ്രെക്സിറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദിയുണ്ടെന്നും അറിയിച്ചു. 2016ലാണ് ഡേവിസ് ബ്രെക്സിറ്റ് മന്ത്രിയായി അധികാരമേറ്റത്. തുടക്കത്തിൽ ഇ.യുവുമായുള്ള ബ്രെക്സിറ്റ് ചർച്ചകൾക്ക് നേതൃത്വം വഹിച്ചിരുന്നത് ഈ 69 കാരനായിരുന്നു. പിന്നീട് മേയും അവരുടെ വിശ്വസ്തരും ചർച്ചയുടെ ചുക്കാൻ പിടിച്ചെടുത്തതോടെ അദ്ദേഹത്തിന്റെ സ്വാധീനം കുറയാൻ തുടങ്ങി. എന്നാൽ, പൊതുജനത്തിനു മുമ്പിൽ പ്രധാനമന്ത്രിയുടെ വിശ്വസ്തനായി ഡേവിസ് തുടർന്നു. നിരവധി തവണ രാജിഭീഷണി മുഴക്കിയിരുന്നു.ബ്രെക്സിറ്റ് ഹിതപരിശോധനയിൽ ബ്രിട്ടൻ ഇ.യു വിടണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെത്തും മുമ്പ് ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.