മൈൻഡ് ഡിസൈൻ എന്ന പരിപാടിയുമായി ആർ.കെ മലയത്ത്

Jaihind News Bureau
Wednesday, June 27, 2018

മാജിക് ജീവിതത്തിലെ സുവർണ്ണ ജൂബിലിയുടെ നിറവിലാണ് മജീഷ്യൻ ആർ.കെ മലയത്ത്. മാജിക് ലോകത്ത് നിന്ന് പടിയിറങ്ങി സ്വയം വികസിപ്പിച്ചെടുത്ത മൈൻഡ് ഡിസൈൻ എന്ന പരിപാടിയുമായി സജീവമാവാൻ ഒരുങ്ങുകയാണ് അദ്ദേഹം. മലപ്പുറം പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദി ഗസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആർ.കെ മലയത്ത്.

മാജിക്കിനെ ജീവിതചര്യയാക്കിയ ആർ.കെ മലയത്ത് മാന്ത്രികവടി മകന് കൈമാറിയാണ് മാജിക് ലോകത്ത് നിന്ന് പടിയിറങ്ങിയത്. മാജിക്കിൽ വാഴക്കുന്നത്തിന്‍റെയും, ഹിപ്‌നോട്ടിസത്തിൽ പ്രൊഫ.എ.ടി കോവൂരിന്‍റെയും ശിഷ്യനാണ് മലയത്ത്. അറുപത്തെട്ടാം വയസിന്‍റെ ചുറുചുറുക്കിലാണ് ആർ.കെ മലയത്ത് മാജിക് ജീവിതത്തിന്‍റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നത്. കേരളീയ മാജിക്കിന് പുതിയ രൂപം നൽകി തിയട്രിക്കൽ ശൈലിയിലേക്ക് കൊണ്ടെത്തിച്ചവരിൽ പ്രമുഖനാണ് മലയത്ത്. ആർ.കെ മലയത്ത് വികസിപ്പിച്ചെടുത്ത ഈ ശൈലി പിന്നീട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.അഞ്ഞൂറിലധികം ശിഷ്യസമ്പത്തുണ്ട് മലയത്തിന്. സ്റ്റേജ് ഹിപ്‌നോട്ടിക് ഷോയിലൂടെ ഉപബോധ മനസിനെ പന്താടുന്ന മലയത്ത്,  ജാലവിദ്യയെ സാമൂഹ്യപരിവർത്തനായി ഉപയോഗിച്ച ആദ്യ വ്യക്തിയാണ്.

വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും, പ്രതിസന്ധികളെ തരണം ചെയ്യാനും സഹായിക്കുന്നതാണ് മലയത്ത് വികസിപ്പിച്ചെടുത്ത മൈൻഡ് ഡിസൈൻ. വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ച മൈൻഡ് ഡിസൈനുമായി ഇനി വിദ്യാർത്ഥികളുടെ കൈയ്യെത്തും ദൂരത്തുണ്ടാവും ജാലവിദ്യയുടെ ഈ ആറാം തമ്പുരാൻ.