മുള്‍ക്ക് ഓഗസ്റ്റ് മൂന്നിന് പ്രദര്‍ശനത്തിനെത്തും

Jaihind News Bureau
Sunday, July 1, 2018

തപ്സി പന്നു നായികയായെത്തുന്ന ബോളിവുഡ് ചിത്രം മുൾക്കിന്റെ ടീസർ പുറത്തിറങ്ങി. ടീസർ അപ്ലോഡ് ചെയ്ത ഉടൻ തന്നെ യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 3ന് തിയേറ്ററുകളിലെത്തും.

ഋഷി കപൂർ, പ്രീതിക് ബബ്ബർ, നീന ഗുപ്ത, അശുതോഷ് റാണ, രജത് കപൂർ, മനോജ് പഹ്വ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരതി മുഹമ്മദ് എന്ന അഭിഭാഷകയുടെ വേഷമാണ് തപ്സി കൈകാര്യം ചെയ്യുന്നത്. ഋഷി കപൂർ, മുർദ് അലി മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

വാരാണസിയിലെ ഒരു മുസ് ലിം കുടുംബത്തെ രാജ്യദ്രോഹക്കേസുകളിൽ ആരോപണ വിധേയനാക്കിയ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മുൾക് ചിത്രീകരിച്ചിരിക്കുന്നത്.

തും ബിൻ, ദസ്, ഗുലാബ് ഗ്യാംഗ് എന്നീ സിനിമകൾ സംവിധാനം ചെയ്ത അനുഭവ് സിൻഹയാണ് മുൾക് സംവിധാനം ചെയ്യുന്നത്. മുൾക്കിന്റെ ചിത്രീകരണം പ്രധാനമായും ബെനാറസിലും ലക്നൗവിലുമായാണ് നടന്നത്. സോഹം റോക്സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ കമൽ മുകുത് ആണ് ചിത്രം നിർമിക്കുന്നത്.