മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി; രോഗപ്രതിരോധത്തിനായി എല്ലാവരും ഒരുമിച്ചുനിക്കണം: രമേശ് ചെന്നിത്തല

Jaihind News Bureau
Monday, July 6, 2020

തിരുവനന്തപുരം:കൊവിഡ് രോഗവ്യാപനം ശക്തമാകുകയും  തലസ്ഥാനമായ തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  ആഹ്വാനം ചെയ്തു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച്ചകളെക്കുറിച്ചുള്ള വിയോജിപ്പും നിലനില്‍ക്കുമ്പോള്‍ തന്നെ ഈ ഘട്ടത്തില്‍ രോഗം കൂടുതല്‍ വ്യാപിക്കുന്നതു തടയാനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസിരാകേന്ദ്രമാകെയും നിലകൊള്ളുന്ന തിരുവനന്തപുരം നഗരത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നത്. മൂക്കിനു താഴെയുള്ള കാര്യങ്ങള്‍ പോലും ഭദ്രമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു കഴിയില്ലെന്നതു കൂടിയാണ് അതു വ്യക്തമാക്കുന്നത്. ഞായറാഴ്ച ദിവസം രാത്രി ഉള്ള കടകള്‍ അടച്ചുപോയതിനുശേഷം പൊടുന്നനെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന അസൗകര്യങ്ങള്‍ ചെറുതല്ല. ജീവസന്ധാരണത്തിനു കഴിയുന്ന സാധനങ്ങള്‍ പോലും മുന്‍കൂട്ടി വാങ്ങിവയ്ക്കാന്‍ കഴിയാത്ത സ്ഥിതി പെട്ടെന്നുള്ള അടച്ചിടല്‍ പ്രഖ്യാപനം ഉളവാക്കി. എങ്കിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയമായ ചേരിതിരിവും ഭിന്നതയും സൃഷ്ടിക്കേണ്ട സാഹചര്യമാണ് ഇതെന്നു പ്രതിപക്ഷം കരുതുന്നില്ല. അതേസമയം ഈ ട്രിപ്പിള്‍ ലോക്ഡൗണിലേക്കു നയിച്ച സാഹചര്യം പരിശോധിക്കുകയും ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടികളെടുക്കുകയും വേണം.
സര്‍ക്കാരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്ന കോവിഡ് പ്രതിരോധ മാര്‍ഗരേഖകള്‍ ജനങ്ങള്‍ അതേ പടി പാലിക്കണമെന്നു പ്രതിപക്ഷനേതാവ് അഭ്യര്‍ഥിച്ചു.

കേരളത്തില്‍ കോവിഡ് രോഗബാധ ആരംഭിച്ച സമയം മുതല്‍ രോഗപ്രതിരോധത്തിനായുള്ള കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നടപടികള്‍ക്കു പൂര്‍ണപിന്തുണ പ്രതിപക്ഷം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ആരോഗ്യപ്രോട്ടോക്കോള്‍ പാലിച്ചു മാത്രമെ സമരങ്ങള്‍ സംഘടിപ്പിക്കാവൂവെന്നാണ് ഒടുവില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചത്. സാമൂഹിക-ആരോഗ്യരംഗങ്ങളില്‍ ചരിത്രപരമായ കാരണങ്ങളാല്‍ കേരളത്തിനുള്ള മുന്‍തൂക്കവും കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ ഈ രംഗത്തു നല്‍കിയ സംഭാവനകളും രോഗത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനു സഹായകരമായി. എന്നാല്‍ ഇന്നോളമുള്ള എല്ലാ സര്‍ക്കാരുകള്‍ക്കും അവകാശപ്പെടാന്‍ കഴിയുന്ന ഈ നേട്ടം തങ്ങളുടേതു മാത്രമാക്കി അവതരിപ്പിക്കാനാണു പിണറായി സര്‍ക്കാര്‍ മുതിര്‍ന്നത്. ഇതിനെ തുറന്നു കാണിക്കാനും സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി കേരളത്തെ കൂടുതല്‍ ജാഗ്രത്താക്കാനുമാണ് പ്രതിപക്ഷം ഇക്കാലയളവില്‍ ശ്രമിച്ചത്. ഓരോ ഘട്ടങ്ങളിലും പ്രതിപക്ഷം എടുത്ത നിലപാടുകള്‍ കേരളീയ സമൂഹത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയാണു ചെയ്തത്. ആ സമീപനം തുടരുന്നതിനൊപ്പം, രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ  പ്രതിരോധപ്രവര്‍ത്തനള്‍ക്കു കൈത്താങ്ങാകി കേരളത്തെ രോഗമുക്തമാക്കാനുള്ള ദൗത്യം പ്രതിപക്ഷം ശക്തമായി നിര്‍വഹിക്കുമെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി. കോവിഡിനെ ചെറുക്കാനായി കേരളമാകെ ഒന്നിക്കാമെന്നു പ്രതിപക്ഷനേതാവ് ആഹ്വാനം ചെയ്തു.