മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്, ശക്തമായ മഴയ്ക്ക് സാധ്യത, കൺട്രോൾ റൂം സജീവമാകും, ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Saturday, June 8, 2024

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂം സജീവമായി പ്രവർത്തനം തുടരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി ഇതിനകം ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു.

കൺട്രോൾ റൂം അധികൃതർ അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കുന്നത്. 0471 2317214 ആണ് കൺട്രോൾ റൂം നമ്പർ. മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.