മദ്യത്തിനായി തോക്ക് ചൂണ്ടി ഭീഷണി; നാലംഗ സംഘം കസ്റ്റഡിയില്‍

Jaihind Webdesk
Saturday, June 17, 2023

തൃശൂർ: പൂത്തോളിലെ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ  നാലംഗ സംഘം തോക്ക് ചൂണ്ടി ജീവനക്കാരെ
ഭീഷണിപ്പെടുത്തി. ഇന്നലെ മദ്യശാല അടച്ചതിനു ശേഷം മദ്യം ചോദിച്ചെത്തിയവരാണ് ഭീഷണി മുഴക്കിയത്.
നാലംഗ സംഘത്തെ തൃശൂർ വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു.

പൊന്നാനി സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ നിസ്സാർ, ജയിസൻ, പാലക്കാട് സ്വദേശി അബ്ദുൾ നിയാസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്.  ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം. പൂത്തോളിലെ കൺസ്യൂമർഫെഡിന്‍റെ  ഔട്ട് ലെറ്റിലായിരുന്നു ഭീഷണി. ഔട്ട്ലെറ്റ് അടച്ച ശേഷമാണ് നാല് യുവാക്കള്‍ മദ്യം വാങ്ങാൻ എത്തിയത്. ഈ സമയം കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല. കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് ഇവർ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലം വിട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള ബാറില്‍ നിന്ന് നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. .