ഫൊര്‍ച്യൂണറിനും ക്രിസ്റ്റയ്ക്കും ടൊയോട്ടയുടെ പിന്‍വിളി

Jaihind News Bureau
Wednesday, July 11, 2018

 

ജാപ്പനീസ് നിർമ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ മോഡലുകളെ കമ്പനി തിരിച്ചുവിളിച്ചു. ഫ്യുവൽ ഹോസ് കണക്ഷനിലുള്ള നിർമാണപ്പിഴവാണ് മോഡലുകള്‍ തിരിച്ചുവിളിക്കാൻ കാരണം.

2016 ജൂലൈ 16 -നും 2018 മാർച്ച് 22 -നും ഇടയ്ക്ക് നിർമിച്ച ഇന്നോവ ക്രിസ്റ്റകളിലും 2016 ഒക്ടോബർ ആറിനും 2018 മാർച്ച് 22 -നും ഇടയ്ക്ക് നിർമിച്ച ഫൊർച്യൂണറുകളിലുമാണ് പ്രശ്നസാധ്യതയുള്ളതെന്നാണ് കണ്ടെത്തല്‍. വിപണിയിൽ വിറ്റുപോയ 2,628 മോഡലുകളിൽ പരിശോധന അനിവാര്യമാണെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ധനടാങ്ക് പൂർണമായും നിറച്ചാൽ ഇന്ധനം ചോർന്നൊലിക്കുന്നു എന്നതാണ് മോഡലുകളുടെ ന്യൂനത. കാനിസ്റ്റർ ഹോസും ഫ്യുവൽ റിട്ടേൺ ഹോസും തെറ്റായി ബന്ധിപ്പിച്ചതാണിതിന് കാരണം. ഇന്നോവ ക്രിസ്റ്റയുടെയും ഫോർച്യൂണറിന്റെയും പെട്രോൾ വകഭേദങ്ങളിൽ മാത്രമാണ് ഫ്യൂവൽ ഹോസ് തകരാറുള്ളതെന്ന് ടൊയോട്ട സ്ഥിരീകരിച്ചു. പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലർമാർ വരും ആഴ്ചകളിൽ നേരിട്ട് വിവരമറിയിക്കും.

വാഹനത്തിൽ പ്രശ്നമുണ്ടോയെന്ന് സമീപമുള്ള ടൊയോട്ട ഡീലർഷിപ്പിൽ നിന്നും ഉടമകൾക്കും പരിശോധിപ്പിക്കാം. നിർമാപ്പിഴവുകൾ കണ്ടെത്തിയാൽ കമ്പനി ഇത് സൗജന്യമായി പരിഹരിച്ച് നൽകും.

ഇന്ത്യയിൽ ഏറ്റവും പ്രചാരമേറിയ എം.പി.വിയാണ് ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. പ്രതിമാസം 8,000 യൂണിറ്റുകളുടെ വിൽപന ഇന്നോവയ്ക്കുണ്ട്. 14.34 ലക്ഷം രൂപ മുതലാണ് ഇന്ത്യയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില. ഫൊർച്യൂണറിന് 26.69 ലക്ഷം രൂപ മുതലും.

ഇക്കോസ്പോർട് എസ്.യു.വിയെ ഫോർഡ് ഇന്ത്യ തിരിച്ചുവിളിച്ചിട്ട് ദിവസങ്ങളേറെയായിട്ടില്ല. മുൻ ലോവർ കൺട്രോൾ ആമിൽ നിർമാണപ്പിഴവ് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു ഫോർഡ് ഇന്ത്യയുടെ നടപടി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടൊയോട്ടയുടെ ‘പിന്‍വിളി’ എത്തിയിരിക്കുന്നത്.