ഫീസ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്കൂളധികൃതരുടെ ക്രൂരത; 4 വയസുള്ള കുട്ടികളെ പൂട്ടിയിട്ടത് 5 മണിക്കൂര്‍

ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് നാല് വയസുള്ള കുരുന്നുകളോട് സ്കൂളധികൃതരുടെ കൊടുംക്രൂരത. അഞ്ച് മണിക്കൂറോളം ഭക്ഷണവും വെള്ളവും നല്‍കാതെ സ്കൂള്‍ മുറിയില്‍ പൂട്ടിയിട്ടു. 16 കുഞ്ഞുങ്ങളാണ് ക്രൂരതയ്ക്ക് ഇരയായത്. ഡൽഹിയിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളിലാണ് സംഭവം.

ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് കുട്ടികളെ ക്ലാസിൽ കയറാൻ അനുവദിക്കാതിരിക്കുകയും തുടർന്ന് പൂട്ടിയിടുകയുമായിരുന്നു. സ്‌കൂളിന്റെ ഏറ്റവും താഴത്തെ നിലയിലാണ് കുട്ടികളെ സ്‌കൂൾ അധികൃതർ പൂട്ടിയിട്ടത്. രാവിലെ സ്‌കൂളിൽ എത്തിയ കുട്ടികളെ 7;30 മുതൽ ഉച്ചയ്ക്ക് 12;30 വരെ പൂട്ടിയിടുകയായിരുന്നു.

അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന സമയമായതിനാൽ കുട്ടികൾക്ക് വിശപ്പും ദാഹവും കൊണ്ട് തളർച്ച അനുഭവപ്പെട്ടു. ക്ലാസ് കഴിഞ്ഞ് കുട്ടികളെ കൊണ്ടുപോകാൻ എത്തിയപ്പോഴാണ് മാതാപിതാക്കൾ സംഭവം അറിയുന്നത്. മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എന്ന് മാതാപിതാക്കൾ പറഞ്ഞു. ഫീസ് നൽകിയ വിദ്യാർത്ഥിയെ ഉൾപ്പെടെയാണ് മുറിയിൽ പൂട്ടിയിട്ടത്.

സംഭവത്തിൽ സ്‌കൂൾ അധികൃതരോ പ്രിൻസിപ്പലോ ക്ഷമാപണം നടത്താൻ തയാറായിട്ടില്ല. ഇതേ തുടർന്ന് ഐ.പി.സി 342,  ജുവനൈൽ ജസ്റ്റിസ് ആക്ട് 75 (കുട്ടികളുടെ സുരക്ഷയും സംരക്ഷണവും) വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

https://www.youtube.com/watch?v=uQTHwKfiMGM

delhi kids
Comments (0)
Add Comment