പൃഥ്വിരാജ് ചിത്രം ‘കൂടെ’ ജൂലൈ 14ന് പ്രദര്‍ശനത്തിനെത്തും

Jaihind News Bureau
Thursday, July 5, 2018

പൃഥ്വിരാജ്, നസ്റിയ, പാർവതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയുടെ സെൻസറിംഗ് പൂർത്തിയായി. ജൂലൈ 14ന് ചിത്രം തിയറ്ററുകളിലെത്തും.

ബാംഗ്ലൂർ ഡേയ്സിന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞാണ് ഈ അഞ്ജലി മേനോൻ ചിത്രമെത്തുന്നത്. നസ്റിയ വിവാഹശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ് ആയിരുന്നു നസ്രിയയുടെയും അവസാന ചിത്രം.

പൃഥ്വിരാജിന്‍റെ സഹോദരിയുടെ വേഷമാണ് കൂടെയിൽ നസ്റിയക്കുള്ളത്. സെൻസറിംഗ് പൂർത്തിയായതോടെ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു.

രഞ്ജിതും മാലാ പാർവതിയുമാണ് പൃഥ്വിയുടെയുെ നസ്രിയയുടെയും മാതാപിതാക്കളുടെ വേഷം ചെയ്യുന്നത്. പാർവതിയാണ് പൃഥ്വിരാജിന്‍റെ നായിക. പറവ സിനിമയുടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയംപ് പോൾ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. രജപുത്ര ഇന്റർനാഷണലിന്റെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്.