പാടിക്കുന്ന്-പാടി തീർത്ഥ സംരക്ഷണം : പ്രക്ഷോഭസമരം നൂറുദിനം പിന്നിട്ടിട്ടും തീരുമാനമായില്ല

കണ്ണൂർ കൊളച്ചേരിയിലെ പാടിതീർത്ഥവും അനുബന്ധ പ്രദേശങ്ങളും സർക്കാർ ഏറ്റെടുത്തു പൊതു ഉടമസ്ഥതയിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മസമിതി നടത്തുന്ന പ്രക്ഷോഭസമരം നൂറുദിനം പിന്നിട്ടു.  പാടിക്കുന്നിൽ സ്വകാര്യ വ്യക്തി പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തി സർക്കാരിന്‍റെ വിവിധ വകുപ്പുകൾ ഇടപെട്ട് തടഞ്ഞെങ്കിലും പാടിക്കുന്നും, പാടി തീർത്ഥവും സർക്കാർ ഉടമസ്ഥതയിൽ ഏറ്റെടുക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായില്ല.

കോളച്ചേരി പഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പാടിക്കുന്നും പാടി തീർത്ഥവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കർമ്മസമിതി പ്രവർത്തകരും നടത്തുന്ന പ്രക്ഷോഭമാണ് നൂറു ദിനം പൂർത്തിയാക്കിയത്.  കടുത്ത വേനലിൽ പോലും വറ്റാത്ത നീരുറവ ഉദ്ഭവിക്കുന്ന പാടിക്കുന്ന് പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് കൊണ്ട് സ്വകാര്യ വ്യക്തി ഇടിച്ചു നിരത്തുന്നതിന് എതിരെയാണ് നാട്ടുകാരുടെ നേതൃത്യത്തിൽ കർമ്മസമിതി രൂപികരിച്ച് സമരം ആരംഭിച്ചത്.

സ്വകാര്യ വ്യക്തി പാടിക്കുന്ന് ഉൾപ്പെടുന്ന പത്തര ഏക്കർപ്രദേശം വിലയ്ക്ക് വാങ്ങി കുന്നിന്റെ ഇരുവശവും ഇടിച്ച് നിരത്തി ചതുപ്പം നിലം നികത്താൻ ആരംഭിച്ചപ്പോഴാണ് നാട്ടുകാർ ഇതിനെതിരെ സംഘടിച്ചത്. പാടീ തീർത്ഥവും, തണ്ണീർതടവും സർക്കാർ നിയന്ത്രണത്തിൽ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ആരംഭിച്ച ജനകീയ സമരമാണ് നൂറു ദിനം പിന്നിട്ടിരിക്കുന്നത്.

പ്രക്ഷോഭം നൂറു ദിനം പിന്നിട്ടതിന്‍റെ ഭാഗമായി പാടിക്കുന്ന് മുതൽ കരിങ്കൽ കുഴി വരെ ആയിരത്തോളം പേർ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു.മനുഷ്യച്ചങ്ങലയിൽ മുതിർന്ന പൗരനും കലാകാരനുമായ എം.വി.ഗോപാലൻനമ്പ്യാർആദ്യ കണ്ണിയായി .കരിങ്കൽക്കുഴി യിൽ മൂന്നുവയസ്സുകാരൻ ശബരീനാഥ് ചങ്ങലയിലെ അവസാനത്തെ കണ്ണിയുടെ ഭാഗമായി.

https://www.youtube.com/watch?v=x4CpdZX98Oc

തുടർന്നു നടന്ന പൊതുസമ്മേളനം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു പ്രസിഡണ്ട് കെ. താഹിറ. വൈ.പ്രസിഡന്റ് എം അനന്തൻ മാസ്റ്റർ,കർഷകഅവാർഡ് നേടിയ സഹോദരൻമാരായ മലയൻകുനി ദാമു,രാജൻ, അഡ്വ. പി അജയകുമാർ, കെ. എം. ശിവദാസൻ, ജൈവവൈവിധ്യ ബോർഡ് ജില്ലാകോർഡിനേറ്റർ വി.സി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കപ്പള്ളി അശോകൻ . സി.രാജേഷ് ,കെ.വി. ബാലകൃഷ്ണൻതുടങ്ങിയവർ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നൽകി. എന്ത് വില കൊടുത്തു പാടിക്കുന്ന് സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് സമരസമിതി പ്രവർത്തകർ.പാടി തീർത്ഥവും പാടിക്കുന്നിലെ അനുബന്ധ ഭൂമിയും സർക്കാർ ഏറ്റെടുക്കണമെന്നാണ് സമരസമിതി പ്രവർത്തകരുടെ ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ജനകീയ കർമസമിതി.

PadikkunnuPadi Theertham
Comments (0)
Add Comment