പലസ്തീനികളെ കൂട്ടക്കൊല നടത്തിയ ഇസ്രയേല്‍ നടപടിയെ അപലപിച്ച് യു.എന്‍ പൊതുസഭ

Jaihind News Bureau
Friday, June 15, 2018

ഗസയില്‍ പ്രതിഷേധിച്ച പലസ്തീനികളെ കൂട്ടക്കൊല നടത്തിയ ഇസ്രായേൽ നടപടിയെ അപലപിച്ച് യു.എൻ പൊതുസഭ. 120 രാജ്യങ്ങളുടെ പിന്തുണയോടെ ബുധനാഴ്ചയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ രണ്ടര മാസത്തിനിടെ സിവിലിയൻമാർക്ക് നേരെ നടന്ന അതിക്രമങ്ങൾക്ക് കാരണം ഹമാസിൻറെ നിലപാടാണെന്ന യു.എസ് വാദത്തെ സഭ തള്ളി. ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

അറബ് മുസ്‌ലിം രാജ്യങ്ങൾക്ക് വേണ്ടി തുർക്കിയും അൽജീരിയയുമാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ എട്ട് രാജ്യങ്ങൾ എതിരായി വോട്ട് രേഖപ്പെടുത്തി. 45 രാജ്യങ്ങൾ വിട്ടുനിന്നു.

തങ്ങളുടെ രാജ്യത്തെ പൗരന്മാർക്ക് സംരക്ഷണം നൽകണമെന്ന് യു.എന്നിലെ പലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ വോട്ടെടുപ്പിന് മുമ്പ് സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രമേയം ഏകപക്ഷീയമാണെന്നും ചില അറബ് രാജ്യങ്ങൾ ആഭ്യന്തര നേട്ടങ്ങൾക്കായി യു.എന്നിൽ ഇസ്രായേലിനെതിരെ നീങ്ങുകയാണെന്നും യു.എസ് അംബാസഡർ നിക്കി ഹാലി ചർച്ചയിൽ ആരോപിച്ചു.

പ്രമേയത്തെ എതിർത്ത യു.എസ്-ഇസ്രായേൽ അച്ചുതണ്ടിനോട് ചേർന്നുനിന്ന പ്രമുഖ രാജ്യം ആസ്‌ട്രേലിയ മാത്രമാണ്. നേരത്തെ,യു.എൻ രക്ഷാസമിതിയിൽ സമാനമായ പ്രമേയം യു.എസ് വീറ്റോ ചെയ്തിരുന്നു.
പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് പുറത്താക്കിയ ‘നക്ബ’ സംഭവത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് ഗസ അതിർത്തിയിൽ കഴിഞ്ഞ മാർച്ച് 30ന് പ്രതിഷേധം ആരംഭിച്ചത്. വിവിധ സംഭവങ്ങളിലായി ഇതിനകം 129 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.