പത്തനംതിട്ട ജില്ലയില്‍ പനി പടരുന്നു

മൺസൂൺ കാലമായതോടെ പത്തനംതിട്ട ജില്ലയിൽ പനിക്ക് ശമനമില്ല. പനി മൂലം 5 പേർ മരിച്ച ജില്ലയിൽ മാരകമായ ഡെങ്കി ടൈപ്പ് 3  വൈറസ് കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പ് അതീവ  ജാഗ്രതയിൽ. 20 വർഷത്തിന് ശേഷം മലമ്പനിയും ജില്ലയില്‍ റിപ്പോർട്ട് ചെയ്തു . എലിപ്പനിയും ക്രമാതീതമായി ഉയർന്നതോടെ  പനിപ്പേടിയിലാണ് പത്തനംതിട്ട.

പത്തനംതിട്ടയിൽ ഡെങ്കി പനി ബാധിതരുടെ എണ്ണം കുറഞ്ഞിട്ടും മരണം കൂടിയതോടെയാണ് ആരോഗ്യ വകുപ്പ് സാമ്പിളുകൾ  പരിശോധനക്ക് അയച്ചത് .  നാറാണംമൂഴി പഞ്ചായത്തിൽ 11 വയസുള്ള കുട്ടിക്കാണ് ടൈപ്പ് 3 എന്ന അപകടകരമായ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തലച്ചോറിനെ വേഗം ബാധിക്കുന്നതാണ് ടൈപ്പ് 3 വൈറസ്.

ഇതോടെ ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയതായി ഡി.എം.ഒ അറിയിച്ചു. ഡെങ്കിയുടെ 4 തരം വൈറസും ജില്ലയിൽ കണ്ടെത്തി. പനി ബാധിച്ച്  5 പേരാണ് ജില്ലയിൽ മരിച്ചത്. 2016- 17 വർഷത്തേക്കാൾ  ഡെങ്കി ബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

എലിപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷം 22 ആയിരുന്നത് 200 ആയി വർധിച്ചു. എലിപ്പനി ബാധിച്ച് മരിച്ച  2 പേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ജില്ലയിൽ പനി ബാധിച്ച പ്രദേശങ്ങള്‍ പത്തനംതിട്ട നഗര സഭയിലെ ഇലന്തൂർ, വല്ലന, മലയാലപ്പുഴ  തുടങ്ങിയ മലയോര മേഖലകളാണ്.

വെളളത്തിൽ ഇറങ്ങി ജോലിചെയ്യുന്നവർക്ക് ആണ് എലിപ്പനി  ബാധ ഏൽക്കുന്നത് .  എല്ലാ  സർക്കാർ ആശുപത്രികളിലും ഡോക്സി സൈക്ളിൻ എന്ന  പ്രതിരോധ മരുന്നുണ്ട് .  പത്തനംതിട്ടയിൽ 20 വർഷമായി ഇല്ലാതിരുന്ന മലേറിയ 19 ഇതര സംസ്ഥാനക്കാരില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊതുക് നിവാരണവും മാലിന്യ സംസ്കരണവും ഓരോ പൗരനും ഏറ്റെടുത്താൽ മാത്രമേ മാരകമായ പനിബാധയിൽ നിന്നും രക്ഷപെടാനാകൂ എന്ന് ആണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതേസമയം പനി വ്യാപകമാമ്പോഴും സർക്കാരിന്റെയും, അരോഗ്യ മേഖലയുടെയും ഭാഗത്ത് നിന്ന് ഊർജിതമായ ശുചീകരണങ്ങൾ പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നതാണ് വാസ്തവം.

feverpathanamthitta
Comments (0)
Add Comment