നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു

Jaihind Webdesk
Friday, June 15, 2018

ജി.എസ്.ടി നടപ്പാക്കിയ വേളയിൽ നിർമാണ മേഖല നേരിട്ട പ്രതിസന്ധിയാണ് സിമന്റ് വിലയിലെ വർധനവിന് കാരണം.

380 രൂപ ആയിരുന്ന 50 കിലോ ചാക്കിന്റെ വില ഇന്നലെ 420 രൂപയിലെത്തി. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ വർഷം 300 രൂപയും ഈ വർഷം ജനുവരിയിൽ 328 രൂപയുമായിരുന്നു വില.

ജി.എസ്.ടി നടപ്പാക്കിയ വേളയിൽ നിർമാണ മേഖല നേരിട്ട പ്രതിസന്ധിയാണ് സിമന്റ് വിലയിലെ മാറ്റത്തിന് കാരണം. നിർമാണരംഗം വീണ്ടും ഉണർവിലേറിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ എല്ലാ സിമന്റ് കമ്പനികളും വില വർധിപ്പിച്ചത്.

രാംകോ, ഡാൽമിയ, ചെട്ടിനാട്, ജെ.ഡബ്ള്യു കമ്പനികൾ 395 രൂപയ്ക്കാണ് ഡീലർമാർക്ക് സിമന്റ് നൽകുന്നത്. അംബുജ, എ.സി.സി, അൾട്രാടെക് എന്നിവയുടെ വില 405 രൂപയാണ്. ചെറുകിട കച്ചവടക്കാർ ഇതിലും 25 രൂപ വരെ കൂട്ടി വിറ്റഴിക്കുന്നതാണ് വിലക്കയറ്റം കൂടുതല്‍ തീവ്രമാക്കുന്നത്. ഭവന, ഫ്ളാറ്റ്, വില്ല നിർമാണങ്ങളെയും സർക്കാർ കരാർ ജോലികളെയും സിമന്റ് വില വർധന ദോഷകരമായി ബാധിച്ചിട്ടുണ്ട്.