നിർദ്ദിഷ്ട ശബരിമല വിമാനത്താവളം : പരിസ്ഥിതി പഠന റിപ്പോർട്ട് സമർപ്പണം വൈകുന്നു

Jaihind News Bureau
Tuesday, July 10, 2018

നിർദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള പരിസ്ഥിതി പഠന റിപ്പോർട്ട് സമർപ്പണം വൈകുന്നു. കെ.എസ്.ഐ.ഡി.സി യുടെ ചുമതലയിൽ അമേരിക്കൻ കമ്പനിയായ ലൂയിസ് ബർഗ് ആണ് പഠനം നടത്തുന്നത്. 2017 ഡിസംബറിൽ റിപ്പോട്ട് സമർപ്പിക്കും എന്ന കരാറിൻപ്രകാരമാണ് ലൂയിസ് ബർഗ് കമ്പനി പഠനം ആരംഭിച്ചത്.

https://www.youtube.com/watch?v=iLPe7pw3E3I

വിമാനത്താവളത്തിന് അനുയോജ്യം എന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലാണ് പദ്ധതിക്ക് ആവശ്യമായ സാങ്കേതിക പാരിസ്ഥിതിക പഠനം നടത്തുന്നത്. പഠനം നടത്തുന്നതിന് അമേരിക്കൻ കമ്പനിയായ ലൂയിസ് ബർഗിന് 2017ആഗസ്റ്റ് 25ന് കെ.എസ്.ഐ.ഡി.സി കരാർ നല്‍കി.

2017 ഡിസംബറിൽ പഠനം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാം എന്നതായിരുന്നു കരാർ. എന്നാൽ കരാർ നൽകി 10 മാസം പിന്നിടുമ്പോഴും കേവലം കരട് റിപ്പോർട്ട് മാത്രമാണ് ലൂയിസ് ബർഗ് സമർപ്പിച്ചത്. മാർച്ച് 31ന് റിപ്പോർട്ട് സമർപ്പിക്കും എന്നാണ് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാൽ ഇനിയും റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിക്ക് ആയിട്ടില്ല. മൂന്ന് കോടിയിലേറെ രൂപാ ചെലവിട്ടാണ് പഠനം നടത്തുന്നത്. അന്തിമ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമെ കേന്ദ്ര സർക്കാരിന്‍റെ വിവിധ ഏജൻസികളിൽ നിന്നും ലഭിക്കേണ്ട അനുമതികളും ക്ലിയറൻസും നേടിയെടുക്കാൻ സാധിക്കൂ.

റിപ്പോർട്ട് സമർപ്പണം അനന്തമായി നീളുന്നതോടെ പദ്ധതി നടത്തിപ്പിന് കാലതാമസം നേരിടുമെന്ന് ഉറപ്പാണ്. ഇത് പ്രവാസികളുടെയും പ്രദേശവാസികളുടെയും കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് നേരത്തെ ലൂയിസ് ബർഗ് കൺസൾട്ടൻസി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. മധ്യതിരുവിതാംകൂറിലെ അഞ്ച് എസ്റ്റേറ്റുകളിൽ എയികോം നടത്തിയ പഠനത്തിലും ചെറുവള്ളി എസ്റ്റേറ്റിനാണ് സാധ്യത പറഞ്ഞിരുന്നത്.