ധടക്കിലെ മൂന്നാം ഗാനം എത്തി; ചിത്രം ജൂലൈ 20ന്

Jaihind News Bureau
Friday, July 6, 2018

ശ്രീദേവിയുടെ മകൾ ജാൻവി കപൂർ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ധടകിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. അജയ് ഗോഗാവലെ ആലപിച്ചിരിക്കുന്ന പെഹലി ബാർ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജൂലൈ 20 നാണ് ചിത്രം
തിയേറ്ററുകളിലെത്തുന്നത്.

നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയവും നേടിയ മറാത്തി ചിത്രം സേറാത്തിന്റെ ഹിന്ദിപതിപ്പാണ് ധടക്. അജയ്, അതുൽ എന്നിവരാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. മധുകർ, പാർഥ്വി എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്.

മറാത്തി ചിത്രത്തിലെ യാദ് ലഗ്ലയുടെ റീമേക്കാണ് ഈ ഗാനം. ഷാഹിദ് കപൂറിന്റെ സഹോദരനും, ബിയോൺഡ് ദ ക്ലൗഡ്സിലെ നായകനുമായ ഇഷാൻ ഖട്ടറാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. ചിത്രത്തിൽ ജാൻവി കപൂറിന്റെ അമ്മ വേഷത്തിൽ അഭിനയിക്കുന്നത് ശാലിനി കപൂറാണ്.

ശശാങ്ക് ഖെയ്ത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധർമ പ്രൊഡക്ഷന്റെ ബാനറിൽ കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹർ, അപൂർവ മെഹ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കൗമാരപ്രായക്കാരുടെ പ്രണയം പ്രമേയമാക്കുന്നതാണ് ചിത്രം. രാജസ്ഥാനിലെ ജാതീയ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ധടക്കിന്റെ കഥ. താഴ്ന്ന ജാതിക്കാരനായ മാധൂറിനെ പ്രണയിക്കുന്ന പാർഥ്വി. ഇരുവരുടെയും പ്രണയത്തെ കുടുംബം എതിർക്കുന്നതോടയുണ്ടാകുന്ന സംഘർഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.