ദേ ഒരൊറ്റക്കീറ്… ചാക്കോച്ചി വീണ്ടും വരുന്നു

Jaihind News Bureau
Sunday, July 8, 2018
ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും എത്തുന്നു. സെപ്റ്റംബറോടെ ലേലം രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകരെ കീഴടക്കിയ തീപ്പൊരി ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ ലേലം. 1997-ല്‍ റിലീസ് ചെയ്ത ലേലത്തില്‍ എം.ജി സോമന്‍ അവതരിപ്പിച്ച ആനക്കാട്ടില്‍ ഈപ്പച്ചനും മകന്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപിയും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം ചാക്കോച്ചിയായി സുരേഷ്ഗോപി തിരിച്ചെത്തുമ്പോള്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ് മറ്റൊരു തീപ്പൊരി കഥാപാത്രത്തിനായി.
ലേലം 2 എത്തുമ്പോള്‍ പിന്നണിയിലും മുന്നണിയിലുമടക്കം നിരവധി മാറ്റങ്ങളാണുള്ളത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്‍റെ ആദ്യഭാഗത്തിലുണ്ടായിരുന്ന ചില അതുല്യതാരങ്ങളുടെ അഭാവം ലേലം 2വില്‍ പ്രതിഫലിക്കുമെന്നത് വസ്തുതതയാണ്.  എം.ജി സോമന്‍, കൊച്ചിന്‍ ഹനീഫ, എന്‍.എഫ് വര്‍ഗീസ് തുടങ്ങിയവരുടെ വേര്‍പാട് ലേലം 2 വിന്‍റെ നഷ്ടമാണ്.
രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കസബയ്ക്ക് ശേഷം നിഥിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. ലേലത്തിലെ തീപ്പൊരി ഡയലോഗുകള്‍ രഞ്ജി പണിക്കരുടെ തൂലികയില്‍ നിന്നായിരുന്നു. സുരേഷ് ഗോപിക്കൊപ്പം ആരൊക്കെയെന്നത് ഇതുവരെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.