ദുരന്തം വിതച്ച് പേമാരി; 33 ഡാമുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

 

 

സംസ്ഥാനത്ത് ദുരന്തം വിതച്ച് പേമാരി പെയ്തിറങ്ങുന്നു. വടക്കൻ കേരളത്തിൽ മഴ
ശക്തമായി തുടരുന്നു. പുഴയോരത്തുളളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അതേസമയം മലയോരമേഘലയിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പുമുണ്ട്. മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും തുറന്നു. ജലനിരപ്പ് 140 അടിക്ക് മുകളിൽ. ആയിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. സംസ്ഥാനത്ത് 33 ഡാമുകൾ തുറന്നു. ഇടുക്കിയിൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നു. ഡാമുകൾ തുറന്നതോടെ പെരിയാർ തീരത്തും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അതേസമയം ഉപ്പുതറയിൽ സുരക്ഷ സംവിധാനങ്ങളൊന്നുമില്ലാതെ ആളുകളെ ഒഴിപ്പിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർന്നു.

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ കഴിഞ്ഞ ദിവസം അടച്ച രണ്ട് ഷട്ടറുകൾ കൂടി തുറന്നു. അഞ്ച് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. പ്രളയത്തില്‍ മൂന്നാർ ടൗൺ ഒറ്റപ്പെട്ടു. മൂന്നാറിൽ ഹോട്ടൽ തകർന്ന് തൊഴിലാളി മരിച്ചു.

ഇടമലയാർ ഡാമിന്റെ സംഭരണശേഷി കവിഞ്ഞതിനെ തുടർന്ന് കനത്ത ജാഗ്രതാ നിർദേശം നൽകി. പെരിയാർ കരകവിഞ്ഞു. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. അതേസമയം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവീസ് ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവെച്ചു.

പാലക്കാട് കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നത് 2 അടിയാക്കി ഉയർത്തി. ഇത് നഗരത്തിലെ വീടുകൾ വെള്ളത്തിലാക്കി. മീങ്കരക്ക് പുറമെ ചുള്ളിയാർ-വാളയാർ ഡാമുകളും തുറന്നു.

കനത്ത മഴയെ തുടര്‍ന്ന് പമ്പയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ത്രിവേണിയിൽ വെള്ളം കയറിയതോടെ ശബരിമലയിൽ തീർഥാടകർക്ക് വിലക്ക് ഏർപ്പെടുത്തി. നിറപുത്തരി ദർശനത്തിന് വിലക്ക് ലംഘിച്ച് ഭക്തർ എത്തിയാൽ തടയും. അതേസമയം പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലാണ്. റാന്നി, വടശേരിക്കര എന്നിവിടങ്ങളിൽ വെളളം കയറി. റാന്നിയിൽ അഞ്ഞൂറോളം പേർ കുടുങ്ങിക്കിടക്കുന്നു. ഇവിടെ ജില്ലാ കളക്ടറെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

RainFlood
Comments (0)
Add Comment