ദീർഘദൂര യാത്രകൾക്കായി ഹോണ്ടയുടെ പുതിയ ഗോൾഡ് വിംഗ്

Jaihind News Bureau
Friday, June 15, 2018

പുതിയ ഹോണ്ട ഗോൾഡ് വിംഗ് ഇന്ത്യയിൽ വിൽപനയ്ക്ക് എത്തി. 2017 ൽ നടന്ന ടോക്കിയോ മോട്ടോർഷോയിലാണ് പുതിയ ഹോണ്ട ഗോൾഡ് വിംഗ് അവതരിപ്പിച്ചത്. 26.85 ലക്ഷം രൂപ വില വരുന്ന 2018 ഗോൾഡ് വിംഗിന്റെ വിതരണം രാജ്യത്തു ഹോണ്ട തുടങ്ങി.

1,833 സിസി ഫ്‌ളാറ്റ് സിക്‌സ് സിലിണ്ടർ എഞ്ചിനിലാണ് ഗോൾഡ് വിംഗിന്റെ ഒരുക്കം. എഞ്ചിൻ 5,500 rpm ൽ 125 bhp കരുത്തും 4,500 rpm ൽ 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയർബോക്‌സിൽ വൈദ്യുത റിവേഴ്‌സ് ഗിയറുമുണ്ട്. മുൻതലമുറയെക്കാളും 40 കിലോ ഭാരം പുതിയ ഗോൾഡ് വിംഗിന് കുറവാണ്. മോഡലിന്റെ ആകെഭാരം 379 കിലോ. ഒരു വശത്തു മാത്രമുള്ള പ്രോ ആം സ്വിങ്ആം ഗോൾഡ് വിംഗിൽ കൂടുതൽ സ്ഥിരതയും നിയന്ത്രണവും കാഴ്ചവെക്കും.

അഞ്ചു തരത്തിൽ ക്രമീകരിക്കാവുന്ന ഹീറ്റഡ് ഗ്രിപ്പുകളും സീറ്റുകളും ഗോൾഡ് വിംഗിലെ യാത്ര സുഖകരമാക്കും. പുതിയ ഗോൾഡ് വിംഗിലുള്ള പാനിയറുകൾ 150 ലിറ്ററിലേറെ സ്റ്റോറേജ് ശേഷി രേഖപ്പെടുത്തും. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ തരത്തിലാണ് പാനിയറുകളുടെ ഘടന.

മോഡലിലുള്ള ആറു സ്പീക്കർ 80W SRS സറൗണ്ട് സംവിധാനത്തിന് ഐപോഡ്, ഐഫോൺ, യുഎസ്ബി കണക്ടിവിറ്റി ഫീച്ചറുകളുടെ പിന്തുണയുണ്ട്. ക്രൂയിസ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വൈദ്യുത വിൻഡ്‌സ്‌ക്രീൻ, എൽഇഡി ലൈറ്റിംഗ്, 7.0 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവ 2018 ഗോൾഡ് വിംഗിന്റെ വിശേഷങ്ങളിൽ ഉൾപ്പെടും.
സെലക്ടബിൾ ടോർഖ് കൺട്രോൾ, ടയർ പ്രഷർ മോണിട്ടറിംഗ് സംവിധാനം, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവ മോഡലിലെ സുരക്ഷാ സജ്ജീകരണങ്ങളാണ്. എയർബാഗും ഗോൾഡ് വിംഗിലുണ്ട്. സ്റ്റാൻഡ്, ടൂർ എന്നീ രണ്ടു വകഭേദങ്ങളിലാണ് ഹോണ്ട ഗോൾഡ് വിംഗ് അണിനിരക്കുന്നത്. മോഡൽ ബുക്ക് ചെയ്തവർക്കു ഉടൻ തന്നെ ഗോൾഡ് വിംഗ് ലഭിക്കുമെന്നു ഹോണ്ട അറിയിച്ചു.