ദമ്പതികളുടെ ആത്മഹത്യ; പ്രതിരോധത്തിലായി പോലീസ്

Jaihind News Bureau
Thursday, July 5, 2018

കോട്ടയം: സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് പ്രതിരോധത്തിൽ. ഇന്നലെയാണ് പുഴവാത് സ്വദേശികളായ സുനിൽ കുമാർ, രേഷ്മ എന്നിവർ ആത്മഹത്യ ചെയ്തത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ചങ്ങനാശേരി നഗരസഭാംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ സജി കുമാറിന്റെ പരാതിയിലായിരുന്നു പൊലീസ് ഇവരെ ചോദ്യംചെയ്തത്. വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തിന്റെയും കെവിൻ കൊലക്കേസിന്റെയും ചൂടാറുംമുമ്പ് സർക്കാറിനെയും പൊലീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ് ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യ. വരാപ്പുഴ സംഭവത്തിനുശേഷം പ്രതികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ഇതെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

സി.പി.എം നഗരസഭാംഗത്തിന്റെ പരാതിയിൽ പൊലീസ് സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരായി നിന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. സുനിലിനെ 12 മണിക്കൂർ ചോദ്യം ചെയ്തതായാണ് പറയുന്നത്. രാത്രി ഒമ്പത് മണി വരെ സ്റ്റേഷനിൽ നിർത്തിയെന്നും ക്രൂര മർദനത്തിന് ഇരയായെന്നും ആരോപണം ഉണ്ട്.

എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.
എന്നാൽ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന തങ്ങൾക്കിത് താങ്ങാനാവില്ലെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. എന്നിട്ടും എട്ട് ലക്ഷം രൂപ നൽകണമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും സുനിലിന്റെ ബന്ധുക്കൾ ആരോപിച്ചു. പണം കണ്ടെത്താനുള്ള മാർഗം ഇല്ലാത്തതാണ് ആത്മഹത്യയ്ക്ക് കാരണമായത്. പൊലീസിന്റെ
നടപടിയിൽ സ്ഥലത്ത് പ്രതിഷേധം വ്യാപകമാണ്.