തായ്ലന്ഡിലെ ലുവാംഗ് ഗുഹയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം പ്രതിസന്ധിയിൽ. ഗുഹാ പരിസരത്ത് ശക്തമായ മഴ തുടരുന്നതാണ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്.
ഗുഹയിൽ ജലനിരപ്പ് ഉയരുന്നതും ഓക്സിജൻ ലഭ്യത കുറയുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ഒൻപത് ദിവസം മുമ്പാണ് ഫുട്ബോള് താരങ്ങളായ 12 വിദ്യാർഥികളും 25 വയസുകാരനായ കോച്ചും ഗുഹയിൽ കുടുങ്ങിയത്. വടക്കൻ തായ്ലൻഡിലെ ചിയാംഗ് റായി പ്രവിശ്യയിലുള്ള താം ലുവാംഗ് ഗുഹയിലാണ് കുട്ടികളും കോച്ചും കുടുങ്ങിയത്. തായ് സൈന്യത്തിന് പുറമെ ചൈന, ബ്രിട്ടൺ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകരും കുട്ടികളെ രക്ഷിക്കാൻ രംഗത്തുണ്ട്.
കനത്ത മഴയെത്തുടർന്ന് ഗുഹയുടെ കവാടം അടഞ്ഞതോടെയാണ് ഫുട്ബോൾ താരങ്ങളായ കുട്ടികളും കോച്ചും ഗുഹയിൽ കുടുങ്ങിയത്. കുട്ടികൾക്ക് നീന്തൽ അറിയില്ല എന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഗുഹയ്ക്കുള്ളിൽ നിന്നും വെള്ളം പുറത്തേക്കു പമ്പ് ചെയ്യുന്നുമുണ്ട്. എന്നാൽ അതിശക്തമായി തുടരുന്ന മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്.
ഇന്നലെ രക്ഷാപ്രവർത്തകരിൽ ഒരാൾ മരിച്ചിരുന്നു. ഓക്സിജൻ തീർന്നതാണ് മുൻ നാവിക ഉദ്യോഗസ്ഥനും മുങ്ങൽ വിദഗ്ധനുമായ സമാൻ കുനന്റെ മരണത്തിന് ഇടയാക്കിയത്.
കുട്ടികൾ ആരോഗ്യം വീണ്ടെടുത്തത് ആശ്വാസത്തിന് വക നല്കുന്നുണ്ടെങ്കിലും ഗുഹയിൽ കുടുങ്ങി 15 ദിവസം കഴിഞ്ഞിട്ടും അവരെ പുറത്തെത്തിക്കാനാകാത്തത് ഏവരെയും ആശങ്കയിലാഴ്ത്തുകയാണ്.