റായ്ബറേലി: മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ഉത്തര്‍പ്രദേശിലെ ബ്രിജേന്ദ്ര നഗറിലെ മിഥുന്‍ എന്ന ബാര്‍ബര്‍ വല്ലാതെ ഞെട്ടിയിരുന്നു. അതിന് കാരണവുമുണ്ട്, ഒട്ടും പ്രതീക്ഷിക്കാതെ തന്റെ ബാര്‍ബര്‍ ഷോപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തി. ഇപ്പോഴിതാ മിഥുനെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
തന്റെ താടി ട്രിം ചെയ്ത മിഥുന് രാഹുല്‍ സ്‌നേഹ സമ്മാനങ്ങളാണ് അയച്ചിരിക്കുന്നത്. അതും സര്‍പ്രൈസായി. വ്യാഴാഴ്ച തന്റെ ബാര്‍ബര്‍ ഷോപ്പിന് മുന്നില്‍ ഒരു വാഹനം വന്നു നിന്നപ്പോള്‍ മിഥുനൊന്നും മനസിലായില്ല. രണ്ടുപേര്‍ ചേര്‍ന്ന് അതില്‍ നിന്ന് ഒരു ഷാംപൂ ചെയര്‍, മുടിവെട്ടാനുള്ള രണ്ട് കസേരകള്‍, ഇന്‍വെര്‍ട്ടര്‍ സെറ്റ് എന്നിവയിറക്കി നേരെ കടയിലെത്തിച്ചു. ഒന്നും മനസിലാവാതെ നിന്ന മിഥുനെ രാഹുല്‍ ഗാന്ധി അയച്ച സമ്മാനങ്ങളാണ് അവയെന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍ അറിയിച്ചതോടെ രാഹുല്‍ നന്നേ ഞെട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രാരണത്തിനിടെ മേയ് 31ന് ലാല്‍ഗെഞ്ചില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് രാഹുല്‍ മിഥുന്റെ ബാര്‍ബര്‍ ഷോപ്പില്‍ എത്തിയത്. ഷോപ്പില്‍ എത്തിയ രാഹുല്‍ തന്റെ താടി ട്രിം ചെയ്യണമെന്നാണ് മിഥുനോട് ആവശ്യപ്പെട്ടത്. ഏറെ നേരം മിഥുനുമായി സംസാരിച്ചശേഷമാണ് രാഹുല്‍ മടങ്ങിയത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
രാഹുല്‍ ഗാന്ധി എല്ലായ്പ്പോഴും വിവിധ ജനവിഭാഗങ്ങളെ കാണുകയും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അവര്‍ക്ക് വേണ്ട പിന്തുണയും സഹായവും ചെയ്യുന്ന വ്യക്തിയാണെന്ന് കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി പറഞ്ഞു. മിഥുന്റെ ജോലിക്ക് ആവശ്യമായ സാധനങ്ങളാണ് രാഹുല്‍ എത്തിച്ചു കൊടുത്തത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.