ജിതിൻ ഇനി കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം

Jaihind News Bureau
Tuesday, June 26, 2018

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്‍റെ ടോപ്പ് സ്‌കോറർ ആയ ജിതിൻ എം എസിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. എഫ് സി കേരളയുടെ താരമായ ജിതിൻ എം എസുമായി മാസങ്ങളോളമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് പോകാൻ തീരുമാനിച്ചത്.

കേരളത്തിനായി സന്തോഷ് ട്രോഫിയിൽ വലതുവിങ്ങിലായിരുന്നു ജിതിൻ എം എസ് കളിച്ചത്. സന്തോഷ് ട്രോഫിയിൽ ഫൈനലിലെ ഗോൾ അടക്കം 5 ഗോളുകൾ ജിതിൻ എം എസ് നേടിയിരുന്നു. കേരളവർമ്മ കോളേജ് വിദ്യാർത്ഥിയായ ജിതിൻ എം എസ് കേരള പ്രീമിയർ ലീഗിലും സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും മികച്ച പ്രകടനമാണ് ഈ കഴിഞ്ഞ സീസണിൽ കാഴ്ചവെച്ചത്. സെക്കൻഡ് ഡിവിഷനിൽ മൂന്ന് ഗോളുകൾ എഫ് സി കേരളയ്ക്കായി ജിതിൻ നേടിയിരുന്നു.

കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫിയിൽ മികവു തെളിയിച്ച അഫ്ദലിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരുന്നു. കെ പി എല്ലിന് വേണ്ടിയായിരുന്നു അഫ്ദൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. പുതിയ സീസണിലേക്ക് അഫ്ദലുമായി കരാർ പുതുക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. മുൻ സീസണിൽ സന്തോഷ് ട്രോഫി താരങ്ങളായ ജിഷ്ണു ബാലകൃഷ്ണനെയും സഹൽ അബ്ദുൽ സമദിനേയും ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരുന്നു.