ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം വള്ളംകളി ഇന്ന്

Jaihind News Bureau
Wednesday, June 27, 2018

സംസ്ഥാനത്തെ ജലോൽസവങ്ങൾക്ക് തുടക്കം കുറിച്ച് പമ്പയാറ്റിൽ ഇന്ന് ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി നടക്കും. കേരളത്തിലെ പ്രമുഖരായ ആറ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ നിരവധി കളി വള്ളങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കും .

ചമ്പക്കുളം മാപ്പിളശേരി തറവാട്ടിൽ നിന്ന് ജലഘോഷയാത്രയായി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠാ വിഗ്രഹം കൊണ്ടുപോയതിന്‍റെ ചരിത്ര സ്മരണയായാണ് നാലു ശതാബ്ദത്തിലേറെയായി മൂലം വള്ളംകളി നടന്നു വരുന്നത്. മിഥുന മാസത്തിലെ മൂലം നാളിൽ നടക്കുന്ന ഈ ജല മേളയോടെ ആണ് കേരളത്തിൽ ജലോത്സവങ്ങൾക്കു തുടക്കം കുറിക്കുന്നത് . ചുണ്ടൻ, ഇരുട്ടുകുത്തി, വെപ്പ് തുടങ്ങിയ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നത് . കേരളത്തിലെ പ്രമുഖരായ ആറു ചുണ്ടൻ വള്ളങ്ങൾ ഇത്തവണ ഓളപ്പരപ്പിൽ തുഴ എറിയും. പരാതികൾ ഒഴിവാക്കാനായി നെഹ്റു ട്രോഫി മാതൃകയിൽ നൂതന ടൈമിംഗ് സമ്പ്രദായവും ഇത്തവണ ഏർപ്പെടുത്തുന്നുണ്ട് .

ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് വള്ളം കളി ആരംഭിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി തോമസ്, പി തിലോത്തമൻ തുടങ്ങിവർ ചടങ്ങിൽ വിശിഷ്ടാതിഥികൾ ആകും. വള്ളംകളിയ്ക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി അധികൃതർ അറിയിച്ചു