ചത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം; രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു

Jaihind News Bureau
Sunday, July 15, 2018

ഛത്തീസ്ഗഢിൽ നക്‌സൽ ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് സൈനികർ വീരമൃത്യു വരിച്ചു. ഒരു ജവാന് പരിക്കേറ്റു.

ബി.എസ്.എഫിന്റെ മഹാലാ ക്യാമ്പിന് സമീപം പാർതാപോർ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായിരുന്ന വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ആന്റി മാവോയിസ്റ്റ് ഓപ്പറേഷന് ശേഷം മടങ്ങുകയായിരുന്നു 114 ബറ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെന്ന് ഇൻസ്‌പെക്ടർ ജനറൽ സുന്ദരരാജ് പറഞ്ഞു.

തലസ്ഥാനമായ റായ്പൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ബാർക്കോട്ട് ഗ്രാമത്തിൽ വച്ചാണ് മാവോയിസ്റ്റുകളുടെ ഒരു സംഘം ആക്രമിച്ചത്. ബി.എസ്.എഫ് സൈനികർ പട്രോളിംഗ് നടത്തുന്നതിനിടെ നക്‌സലുകൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വെടിവെപ്പുണ്ടായി.

തുടർന്ന് നക്‌സലുകൾ കാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നുവെന്ന് ബി.എസ്.എഫ് വ്യക്തമാക്കി. ലോഗേന്ദർ സിംഗ്, മുക്ദിയാർ സിംഗ് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. സന്ദീപ് ദേയ് ബി.എസ്.എഫ് കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റി.