‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ ഗ്രൂപ്പിനെതിരെ എക്സൈസ് കേസ്

Jaihind News Bureau
Saturday, July 7, 2018
സമൂഹമാധ്യമ കൂട്ടായ്മയായ ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന ഗ്രൂപ്പിനെതിരെ എക്‌സൈസ് കേസെടുത്തു. എക്‌സൈസ് കമ്മീഷണറുടെ നിർദേശ പ്രകാരമാണ് നടപടി. മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും പരസ്യ പ്രചാരണം നടത്തുന്നതുമായ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് കേസ്.
ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിൻ തിരുവനന്തപുരം നേമം സ്വദേശി അജിത് കുമാറിനെ ഒന്നാം പ്രതിയാക്കിയും ഇദ്ദേഹത്തിന്റെ ഭാര്യ വിനിതയെ രണ്ടാം പ്രതിയാക്കിയുമാണ്  കേസ്  രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവരും ഇപ്പോൾ ഒളിവിലാണ്.
ഗ്രൂപ്പിന്റെ മറ്റ് 36 അഡ്മിന്മാരെ കുറിച്ചും എക്സൈസ് അന്വേഷണം നടന്നു വരികയാണ്. ജി.എൻ.പി.സി ഗ്രൂപ്പിൽ കൊച്ചു കുട്ടികളെ വരെ മദ്യത്തിന്റെ കൂടെ നിർത്തിയുള്ള ഫോട്ടോകൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നതും നടപടിയിലേക്ക് നയിച്ചതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.