ഗണേഷ്കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദിച്ച സംഭവം; അഞ്ചല്‍ സി.ഐക്ക് സ്ഥലംമാറ്റം

Jaihind News Bureau
Tuesday, June 19, 2018

ഗണേഷ് കുമാർ എം.എൽ.എ യുവാവിനെ മർദിച്ച സംഭവത്തിൽ ആരോപണ വിധേയനായ അഞ്ചൽ സി.ഐ മോഹൻദാസിനെ സ്ഥലം മാറ്റി. കോട്ടയം പൊൻകുന്നത്തേക്കാണ് സ്ഥലം മാറ്റിയത്. കേസിൽ ദൃക്‌സാക്ഷികൂടിയായ സിഐ, ഗണേഷിന് അനുകൂലമായ നിലപാട് എടുത്തുവെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.

മോഹൻദാസിന്റെ വീടിനു സമീപം വെച്ചായിരുന്നു ഗണേഷ് കുമാർ യുവാവിനെ മർദിച്ചത്.
മർദിക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന മോഹൻദാസ് മർദനം തടയാൻ ശ്രമിക്കുകയോ സംഭവത്തിൽ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരനായി നിന്നുവെന്ന് ആരോപണമുയർന്നിരുന്നു. മർദനമേറ്റ അനന്തകൃഷ്ണൻ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ സിഐ തടഞ്ഞതായും ആരോപണമുണ്ട്.

ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു കാറിന് സൈഡ് കൊടുത്തില്ലെന്ന ആരോപിച്ച് യുവാവിനെ ഗണേഷ്കുമാര്‍ മർദിച്ചത്. അമ്മ ഷീനയുടെ മുന്നിൽ വെച്ച് മർദിച്ച് അവശനാക്കിയെന്നാണ് പരാതി. അതേസമയം സി.ഐക്ക് നേരത്തെ സ്ഥലം മാറ്റത്തിന് ഓർഡർ ഇറങ്ങിയിരുന്നെന്നും പകരം ചുമതല ഏറ്റെടുക്കേണ്ട ഉദ്യോഗസ്ഥൻ ലീവിലായതിനാലാണ് മോഹൻദാസ് തുടർന്നതെന്നുമാണ് പോലീസ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.