ക്രൊയേഷ്യ ലോകകപ്പ് പ്രീക്വാർട്ടറിൽ; ഐസ്‌ലൻഡിനെതിരായ ജയം ഒന്നിനെതിരെ രണ്ട് ഗോളിന്

Jaihind News Bureau
Wednesday, June 27, 2018

ഐസ്‌ലൻഡിനെയും വീഴ്ത്തി ക്രൊയേഷ്യ പ്രീക്വാർട്ടറിൽ.  ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ക്രൊയേഷ്യയുടെ ജയം. പ്രീക്വാർട്ടറിൽ ക്രൊയേഷ്യ ഡെൻമാർക്കിനെ നേരിടും

അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ഐസ്‌ലൻഡ് അദ്ഭുതങ്ങളും സൃഷ്ടിച്ചില്ല. രണ്ടാം നിരയുമായിറങ്ങിയിട്ടും ഐസ്‌ലൻഡിനെ തോൽപ്പിച്ച് ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യൻമാർ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ബാദൽജി (53), ഇവാൻ പെരിസിച്ച് (90) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. ഐസ്‌ലൻഡിന്‍റെ ആശ്വാസഗോൾ സിഗുർഡ്‌സൻ( *76) പെനൽറ്റിയിൽനിന്ന് നേടി.

മൽസരം കൈവിട്ടത്തോടെ ഐസ്‌ലൻഡിന്‍റെ ലോകകപ്പ് പ്രീക്വാർട്ടർ സ്വപ്നങ്ങളും അവസാനിച്ചു. അർജന്‍റീനയ്‌ക്കെതിരെ പൊരുതിനേടിയ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്‍റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായാണ് ആദ്യ ലോകകപ്പിൽനിന്ന് പുറത്തായി ഐസ്‌ലൻഡ് മടങ്ങുന്നത്. ക്രൊയേഷ്യ ഒന്നാം സ്ഥാനക്കാരായും അർജന്‍റീന രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ കടന്നു. മൂന്നുപോയിന്‍റുള്ള നൈജീരിയയാണ് മൂന്നാമത്.