കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തകസമിതിയുടെ ആദ്യയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആമുഖ പ്രസംഗം

Jaihind Webdesk
Saturday, September 16, 2023

“പുതുതായി രൂപീകരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ മീറ്റിംഗിലേക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും വളരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. സാധാരണക്കാരുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിശ്ചയദാര്‍ഢ്യത്തോടെ കഴിഞ്ഞ ഒമ്പതര വര്‍ഷമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേന്ദ്രത്തിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി നിര്‍ണായക പങ്ക് വഹിക്കുകയാണ്.
പണപ്പെരുപ്പം, തൊഴിലില്ലായ്മ, മണിപ്പൂരിലെ അക്രമാസക്തമായ അക്രമങ്ങള്‍, വര്‍ദ്ധിച്ച് വരുന്ന അസമത്വം, കര്‍ഷകരുടെയും തൊഴിലാളികളുടെയും തകര്‍ച്ച എന്നിങ്ങനെ രാജ്യം ഇന്ന് നിരവധി ആഭ്യന്തര വെല്ലുവിളികള്‍ നേരിടുകയാണ്്. മോദി സര്‍ക്കാര്‍ എല്ലാ സുപ്രധാന മേഖലകളിലും സമ്പൂര്‍ണ പരാജയമാണ്. മണിപ്പൂരില്‍ ഇപ്പോഴും അരങ്ങേറുന്ന ദാരുണമായ സംഭവങ്ങള്‍് രാജ്യം മുഴുവന്‍ കാണുന്നുണ്ട്. മണിപ്പൂരിലെ അഗ്നി ഹരിയാനയിലെ നുഹില്‍ എത്താന്‍ മോദി സര്‍ക്കാര്‍ അനുവദിച്ചു. ഈ സംഭവങ്ങള്‍ ആധുനികവും പുരോഗമനപരവും മതേതരവുമായ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. നമ്മുടെ സമ്പദ്വ്യവസ്ഥ ഇന്ന് ഗുരുതരമായ അപകടത്തിലാണ്. എല്ലാ അവശ്യസാധനങ്ങളുടെയും വിലക്കയറ്റം പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചു.

നമ്മുടേതുപോലുള്ള ഒരു യുവരാജ്യം റെക്കോര്‍ഡ് തൊഴിലില്ലായ്മയിലൂടെ ഗുരുതരമായ വെല്ലുവിളി നേരിടുന്നു. അസമത്വത്തിലുളള വിടവ് തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. ഇതിനെല്ലാം ഉപരിയായി, സ്വാതന്ത്ര്യാനന്തരം കെട്ടിപ്പടുത്ത രാജ്യത്തെ വിലപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതാനും ചങ്ങാത്ത മുതലാളിത്ത സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് മോദി സര്‍ക്കാര്‍. വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കേണ്ടതും ആവശ്യമാണ്. ദേശീയ സുരക്ഷയുടെ കാര്യത്തില്‍, ചൈനയുടെ കടന്നുകയറ്റങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന രാജ്യത്തിന്റെ സുരക്ഷയ്ക്ക് നിര്‍ണായകമായ ആപത്തുണ്ടാക്കുന്നു. എന്നിരുന്നാലും, ഈ അടിസ്ഥാന പ്രശ്നങ്ങളെല്ലാം അവഗണിച്ച്, ശൂന്യമായ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പ്രവണതയാണ് മോദി സര്‍ക്കാരിനുള്ളത്. ആത്മ-നിര്‍ഭര്‍ ഭാരത്, 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ, പുതിയ ഇന്ത്യ 2022, അമൃതകാല്‍, ഇപ്പോള്‍ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് രാജ്യത്തെ വ്യതിചലിപ്പിക്കാനുള്ള പൊള്ളയായ വാക്കുകള്‍ മാത്രമാണ്. ഇന്ത്യന്‍ ഭരണഘടന, രാജ്യത്തിന്റെ ജനാധിപത്യം, പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ ജനങ്ങളുടെ ശബ്ദമാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇന്ന് 27 ഇന്ത്യന്‍ പാര്‍ട്ടികള്‍ പ്രാധാന്യമുള്ള അടിസ്ഥാന വിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കുന്നു. മൂന്ന് വിജയകരമായ യോഗങ്ങള്‍ക്ക് ശേഷം, ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ബി.ജെ.പി സര്‍ക്കാരിനെ നേരിടാന്‍ ഇന്ത്യന്‍ സഖ്യം മുന്നേറുകയാണ്. ഈ സംഭവവികാസത്തില്‍ അസ്വസ്ഥരായ ബി.ജെ.പി സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ്. പാര്‍ലമെന്റിലെ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനും പാര്‍ലമെന്റിലെ പൊതുനിരീക്ഷണം വെട്ടിച്ചുരുക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഭരണകക്ഷിയുടെ ഉദ്ദേശശുദ്ധി സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നു. അവസാനമായി, നമ്മുടെ ആഭ്യന്തര ചര്‍ച്ചകള്‍ പാര്‍ട്ടിക്കുളളില്‍ തന്നെ തുടരണമെന്നും പരസ്യമാകാതിരിക്കാനും പാര്‍ട്ടിക്കുള്ളില്‍ രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്നും ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ ചുറ്റിപ്പറ്റിയുള്ള സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ച് നാളെ വിപുലമായ പ്രവര്‍ത്തകസമിതി യോഗത്തില്‍ ഞാന്‍ വിശദമായി സംസാരിക്കും.

എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും വീണ്ടും നന്ദി പറയുകയും ചെയ്യുന്നു! ജയ് ഹിന്ദ്!