കൈയ്യേറ്റമൊഴിപ്പിക്കാന്‍ എത്തുന്ന ദൗത്യസംഘത്തെ വെല്ലുവിളിച്ച് എംഎം മണി; കള്കടറുടെ നടപടി വിവരക്കേടെന്നും ആക്ഷേപം

Jaihind Webdesk
Wednesday, October 18, 2023


കൈയ്യേറ്റമൊഴിപ്പിക്കാന്‍ മൂന്നാറിലേക്കെത്തുന്ന ദൗത്യസംഘത്തിനെ വെല്ലുവിളിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി പറഞ്ഞു. പുതിയ വനം കയ്യേറ്റം വല്ലതുമുണ്ടെങ്കില്‍ അതുമാത്രം നോക്കിയാല്‍ മതി. മൂന്നാര്‍ മേഖലയില്‍ 2300 ഏക്കര്‍ കയ്യേറ്റമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കളക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. വനം കയ്യേറ്റം നോക്കിയാല്‍ മതി. മൂന്നാര്‍ സംഘത്തെ എതിര്‍ക്കുന്നില്ല. റിസോര്‍ട്ടുകളും ഹോട്ടലും സുപ്രഭാതത്തില്‍ മൂന്നാറില്‍ പൊട്ടിമുളച്ചതല്ല, സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഇതൊക്കെ കെട്ടിപ്പൊക്കിയത്. ഇതുപൊളിച്ചു കളയണമെന്ന നിലപാടുമായി ഉദ്യോഗസ്ഥരൊന്നും മല കയറേണ്ട. പഴയ പൂച്ചകളുടെ നടപടി ഇനിയുണ്ടാകില്ലെന്നും എംഎം മണി പറഞ്ഞു.

പൊളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ പ്രതിരോധിക്കും. താമസസ്ഥലങ്ങളോ റിസോര്‍ട്ടുകളോ കൈയ്യേറാമെന്ന് ആരും കരുതേണ്ട. പുതിയ വനം കയ്യേറ്റം വല്ലതും ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിച്ച് നടപടിയെടുക്കാമെന്നും എംഎം മണി പറഞ്ഞു. 2300 കയ്യേറ്റമെന്ന് റിപ്പോര്‍ട്ട് കൊടുത്ത മഹതിയാണ് ജില്ല കളക്ടറെന്നും കളക്ടറുടേത് വിവരക്കേടെന്നും എംഎം മണി പറഞ്ഞു.