കേരളത്തിലുണ്ടായത് ഡാം ദുരന്തമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്. ദുരിതാശ്വാസ ക്യാമ്പുകള്‍ കൈപ്പിടിയിലൊതുക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി വിലയിരുത്താന്‍ യു.ഡി.എഫ് യോഗം ചേര്‍ന്നു. കേരളത്തിലുണ്ടായത് ഡാം ദുരന്തമെന്ന് യോഗം വിലയിരുത്തി. മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ട സര്‍ക്കാര്‍ നടപടിയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കാരണമായത്. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് സജീവമാണ്. എല്ലാ മേഖലകളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമെന്നും യു.ഡി.എഫ് യോഗം വിലയിരുത്തി.

ദുരിതാശ്വാസ ക്യാമ്പുകളെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം നടക്കുന്നു. ക്യാമ്പുകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന സി.പി.എം സ്വയം ദുരന്തമായി മാറുകയാണ്. ക്യാമ്പുകളിൽ സി.പി.എം അക്രമം അഴിച്ചുവിടുന്നു. രാഷ്ട്രീയം മറന്ന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും സി.പി.എം ചെവിക്കൊള്ളുന്നില്ല.

നാശനഷ്ടങ്ങൾ വിലയിരുത്താൻ സന്നദ്ധസംഘടനകളെ ഏൽപ്പിക്കരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് മാറ്റി പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സർക്കാർ തയാറാകണം. ഒന്നിലധികം ദുരിതാശ്വാസ ട്രിബ്യൂണലുകൾ ആരംഭിക്കണം. ഓഖി ദുരിതാശ്വാസ നിധിയുടെ അവസ്ഥ പ്രളയ ദുരിതാശ്വാസനിധിക്ക് സംഭവിക്കരുതെന്ന് കരുതിയാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ദുരിതാശ്വാസ ധനസഹായം അര്‍ഹരിലേക്ക് എത്തുന്നില്ല. ഓഖിയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഓഖി ഫണ്ടിലെ 25 ശതമാനം പോലും ദുരിതബാധിതലേക്ക് ഇതുവരെ എത്തിയിട്ടില്ല.

ഓരോരുത്തരും ചെലവ് ചുരുക്കി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് പറയുന്ന സര്‍ക്കാര്‍ സ്വയം ചെലവ് ചുരുക്കാൻ തയാറാകുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങളെ പുനഃരധിവസിപ്പിക്കാൻ ശ്രമിക്കാതെ പത്രസമ്മേളനങ്ങൾ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

udf meetingRamesh Chennithala
Comments (0)
Add Comment