ഗണേഷ് കുമാര്‍ എം.എല്‍‌.എക്ക് അനുകൂല നിലപാടുമായി അഞ്ചല്‍ പോലീസ്; പ്രതിഷേധം ശക്തം

Jaihind News Bureau
Friday, June 15, 2018

കൊല്ലം അഞ്ചലില്‍ യുവാവിനെയും മാതാവിനെയും മര്‍ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത സംഭവത്തില്‍ പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം. കേസില്‍ അഞ്ചല്‍ പോലീസ് നടത്തിയ ഒത്തുകളിക്കെതിരെ കോണ്‍ഗ്രസ് പോലീസ്‌ സ്റ്റേഷനിലേക്ക്മാര്‍ച്ച്നടത്തി.

വീട്ടമ്മയെയും മകനെയും മര്‍ദിച്ച ശേഷം ഭരണത്തിന്റെ തണലില്‍ വെല്ലുവിളിച്ച പത്തനാപും എം.എല്‍.എ കെ.ബി ഗണേഷ് കുമാറിന് അനുകൂല നിലപാടാണ് ആദ്യം മുതല്‍ക്കേ അഞ്ചല്‍ പോലീസ് സ്വീകരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചല്‍ സി.ഐ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ മര്‍ദനമേറ്റ അനന്തകൃഷ്ണനെ തള്ളിക്കളഞ്ഞാണ് എം.എല്‍.എയ്ക്ക് വഴിയൊരുക്കിയത്. തൊട്ടുപിന്നാലെ കേസെടുത്തപ്പോഴും വാദി പ്രതിയായി മാറി.

പൊതുനിരത്തില്‍ വീട്ടമ്മയെയും മകനെയും മര്‍ദിക്കുകയും അശ്ലീലച്ചുവയോടെ അംഗവിക്ഷേപം നടത്തുകയും ചെയ്ത ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ നിസാര വകുപ്പിട്ട് കേസെടുത്ത പോലീസ്, യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയും ചെയ്തു. സംഭവമന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സ്‌പെഷ്യല്‍ ബ്രാഞ്ചും എം.എല്‍.എയോട് കൂറുപുലര്‍ത്തി. യുവാവിന്റെ അമ്മയ്‌ക്കെതിരെയും കേസെടുത്തു.

സംഭവത്തില്‍ നാട്ടിലാകെ പ്രതിഷേധം വ്യാപകമായിക്കഴിഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ചാമക്കാല ജ്യോതികുമാര്‍, പുനലൂര്‍ മധു അടക്കമുള്ള നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പത്തനാപുരത്ത് എം.എല്‍.എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാണ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനത്തെ തടഞ്ഞ പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകരും ഗണേഷ്‌കുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. വീടിന് മുന്നില്‍ എം.എല്‍.എയുടെ കോേലവും കത്തിച്ചു.